| Monday, 1st April 2019, 2:10 pm

'റോബേര്‍ട്ട് വാദ്രയെ ജയിലടക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടേയില്ല'; അക്കൗണ്ടിലെ 15 ലക്ഷത്തിനു പിന്നാലെ മറ്റൊരു യൂടേണുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അധികാരത്തിലെത്തിയാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിച്ചുതരുമെന്ന വാഗ്ദാനത്തില്‍ നിന്നുള്ള യൂടേണിനു പിന്നാലെ മറ്റൊരു പിന്മാറ്റവുമായി ബി.ജെ.പി. റോബേര്‍ട്ട് വാദ്രയുടെ കാര്യത്തില്‍ പറഞ്ഞ വാക്കുകളാണ് ബി.ജെ.പി ഇപ്പോള്‍ വിഴുങ്ങിയത്.

ടി.വി 9 സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് ഇത്തരമൊരു യൂടേണ്‍ നടത്തിയത്. ” റോബേര്‍ട്ട് വാദ്രയെ ജയിലില്‍ അടക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഴിമതിക്കാരെ ജയിലിടണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. റോബേര്‍ട്ട് വാദ്ര അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെ രണ്ടിനെയും രണ്ടായി തന്നെ കാണണം.

ഞങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തോടെ പ്രവര്‍ത്തിക്കാറില്ല. അതാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുളള വ്യത്യാസം. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അന്വേഷണ ഏജന്‍സികള്‍ വാദ്രയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പേടിക്കേണ്ട, ഈ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായ പോരാട്ടം തുടരുകയും ചെയ്യും.” എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Also read:ഇ.വി.എം അട്ടിമറി നടത്തിയിട്ടായാല്‍ പോലും കനയ്യയെ തോല്‍പ്പിക്കണം: ലോക്‌സഭയില്‍ എത്തിക്കരുത്: ആഹ്വാനവുമായി ശിവസേന നേതാവ്

വാദ്രയെ ജയിലിലടക്കുമെന്ന് ഉമാ ഭാരതി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കേയാണ് അമിത് ഷാ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലയെന്ന നിലപാടുമായി രംഗത്തെത്തിയത്. “സോണിയാ ഗാന്ധിയുടെ മരുമകന്‍ നിരവധി ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ ജയിലില്‍ അയക്കുമെന്ന് ഉറപ്പിക്കാം.” എന്നായിരുന്നു ഉമാ ഭാരതിയുടെ വാക്കുകള്‍.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more