|

ഹോളിവുഡിലേക്ക് ചുവട് വെക്കാന്‍ രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും വിലപ്പിടിപ്പുള്ള സംവിധായകരിലൊളായ എസ്.എസ്. രൗജമൗലി ഹോളിവുഡിലേക്കും ചുവടുകള്‍ വെക്കാന്‍ ഒരുങ്ങുകയാണ്.

അമേരിക്കയിലെ പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ആന്റ് സ്‌പോര്‍ടസ് ഏജന്‍സിയുമായ ക്രിയേറ്റീവ് ആര്‍ടിസ്റ്റ്‌സ് ഏജന്‍സി (സി.എ.എ) യുമായി ഒപ്പ് വെച്ചിരിക്കുകയാണ് രാജമൗലി. ഡെഡ്‌ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ടോം ഹാങ്ക്‌സ്, സെന്‍ഡായ, റീസ് വിതര്‍സ്പൂണ്‍ തുടങ്ങി ഹോളിവുഡിലെ എല്ലാ കാലഘട്ടത്തിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സി.എ.എ. ആര്‍.ആര്‍.ആറിന്റെ പ്രൊമോഷന്‍സിന്റെ ഭാഗമായി അമേരിക്കയിലാണ് രാജമൗലി ഇപ്പോള്‍.

രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രമായ ആര്‍.ആര്‍. ആര്‍ തന്നെയാണ് ഹോളിവുഡിലേക്കും വഴി തുറന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിച്ച ആര്‍.ആര്‍.ആര്‍ വലിയ വിജയമായിരുന്നു. 2022 മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സകല കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് തിയേറ്റര്‍ വിട്ടത്.

അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളെ ആസ്പദമാക്കിയാണ് ആര്‍.ആര്‍.ആര്‍ ഒരുക്കിയിരിക്കുന്നത്. രാം ചരണ്‍ അല്ലൂരി സീതാരാമ രാജുവിനെയും ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീമിനെയുമായിരുന്നു അവതരിപ്പിച്ചത്.ആലിയ ഭട്ട് ആയിരുന്നു നായിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

1110 കോടിയിലേറെ ബോക്‌സ് ഓഫീസില്‍ നിന്നും തൂത്തുവാരിയ ആര്‍.ആര്‍.ആര്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിന് പിന്നാലെ ഹോളിവുഡ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തെയും സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

വിദേശ സിനിമാപ്രവര്‍ത്തകരും ആര്‍.ആര്‍.ആറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഹോളിവുഡ് നടനും തിരക്കഥാകൃത്തുമായ പാറ്റണ്‍ ഓസ്വാള്‍ട്ട് ചിത്രം പരമാവധി ഐമാക്‌സ് ഫോര്‍മാറ്റില്‍ തന്നെ കാണണമെന്ന് ആരാധകരോട് റെക്കമന്‍ഡ് ചെയ്തിരുന്നു.

പ്രമുഖ ഹോളിവുഡ് മാഗസിനായ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയിലും ആര്‍.ആര്‍.ആര്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് കാറ്റഗറികളിലാണ് ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷനും ഒരുപക്ഷെ അവാര്‍ഡും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്. മികച്ച വിദേശ ചിത്രം, മികച്ച ഒറിജിനല്‍ സോങ്, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ, മികച്ച നടന്‍ എന്നീ കാറ്റഗറിലാണ് വെറൈറ്റി മാഗസിന്‍ ആര്‍.ആര്‍.ആറിന് സാധ്യത കല്‍പിച്ചിരിക്കുന്നത്. മികച്ച നടന്മാര്‍ക്കുള്ള സാധ്യതാപട്ടികയില്‍ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഇടം നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ഗുജറാത്തി ചിത്രമായ ചെല്ലോ ഷോ ആയിരുന്നു.

Content Highlight: After RRR’s success in the West, SS Rajamouli signs with American talent agency CAA