ഗോട്ട് രോഹിത് ശര്‍മ നേടിയാല്‍ ഗോട്ട് വാര്‍ണര്‍ നേടാതിരിക്കുന്നതെങ്ങനെ; ചരിത്രപുസ്തകത്തില്‍ ഇനി ഇവനും
icc world cup
ഗോട്ട് രോഹിത് ശര്‍മ നേടിയാല്‍ ഗോട്ട് വാര്‍ണര്‍ നേടാതിരിക്കുന്നതെങ്ങനെ; ചരിത്രപുസ്തകത്തില്‍ ഇനി ഇവനും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th November 2023, 9:10 pm

 

2023 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ താരതമ്യേന ചെറിയ സ്‌കോറായ 212 റണ്‍സാണ് ഓസീസ് പിന്തുടരുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ക്വിന്റണ്‍ ഡി കോക്ക് മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ ഡക്കായാണ് ക്യാപ്റ്റന്‍ ബാവുമ പുറത്തായത്. ഒരുവേള 24 റണ്‍സലിന് നാല് എന്ന നിലയിലേക്ക് പ്രോട്ടിയാസ് കൂപ്പുകുത്തി.

എന്നാല്‍ ഡേവിഡ് മില്ലറിന്റെയും ഹെന്റിച്ച് ക്ലാസന്റെയും ചെറുത്ത് നില്‍പ് സൗത്ത് ആഫ്രിക്കയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തി. മില്ലര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികെ ക്ലാസന്‍ കാലിടറി വീണു.

213 എന്ന ടാര്‍ഗെറ്റ് പിന്തുടര്‍ന്നിറങ്ങിയ ഓസീസ് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 6.1 ഓവറില്‍ ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെയാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 18 പന്തില്‍ 29 റണ്‍സ് നേടിയ വാര്‍ണറിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

ഈ മത്സരത്തില്‍ ഒരു റണ്‍സ് നേടിയതോടെ 2023 ലോകകപ്പിലെ 500 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനും ഡേവിഡ് വാര്‍ണറിനായി. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വാര്‍ണറിനെ തേടിയെത്തിയത്.

തുടര്‍ച്ചയായ ലോകകപ്പുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം താരം എന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 2019 ലോകകപ്പില്‍ 647 റണ്‍സടിച്ച വാര്‍ണര്‍ ഈ ലോകകപ്പില്‍ ഇതുവരെ 528 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്. 2019 ലോകകപ്പിലും 2023 ലോകകപ്പിലുമാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2019ല്‍ 648 റണ്ണടിച്ച രോഹിത് ഈ ലോകകപ്പില്‍ ഇതുവരെ 550 റണ്‍സാണ് നേടിയത്.

ഏകദിനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ രോഹിത്തും വാര്‍ണറും ഈ ലോകകപ്പിലും തങ്ങളുടെ സ്ഥിരതയാര്‍ന്ന വെടിക്കെട്ട് ആവര്‍ത്തിക്കുകയാണ്.

നേരത്തെ ലോകകപ്പില്‍ വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡ് ഇരുവരും തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. 19 ഇന്നിങ്‌സില്‍ നിന്നുമാണ് ഇരുവരും മില്ലേനിയം കുറിച്ചത്.

 

 

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ്. നിലവില്‍ 31 ഓവര്‍ പിന്നിടുമ്പോള്‍ 165 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് കങ്കാരുക്കള്‍. 53 പന്തില്‍ 24 റണ്‍സുമായി സ്റ്റീവ് സ്മിത്തും 26 പന്തില്‍ 17 റണ്‍സുമായി ജോഷ് ഇംഗ്ലിസുമാണ് ക്രീസില്‍.

 

Content Highlight: After Rohit Sharma, David Warner becomes the only cricketer to score 500 runs back to back world cups