ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നൈകൂവിന്റെ വധത്തോടെ വീണ്ടും കലുഷിതമായിരിക്കുകയാണ് കശ്മീര്‍. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് നൈകൂ ഉള്‍പ്പടെയുള്ള തീവ്രവാദികള്‍ ഇന്ത്യന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലുകള്‍ കശ്മീരില്‍ സാധാരണമാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടി കൊല്ലപ്പെടുന്നതരത്തില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഈ സമീപകാലത്താണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കശ്മീരില്‍ നിലവില്‍ സ്ഥിതിഗതികളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുവാനുള്ള സംവിധാനങ്ങളോ ജനപ്രതിനിധികളോ ഇല്ലാത്തത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കും എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജമ്മു കശ്മീരിന്റെ വിശേഷാധികാരം റദ്ദുചെയ്യുകയും രാഷ്ട്രീയ നേതൃത്വങ്ങളെ വീട്ടുതടങ്കലിലും പൊതു സുരക്ഷാ നിയമപ്രകാരം ജയിലുകളിലും അടക്കുകയും ചെയ്തതോടെ സൈന്യവും ഉദ്യോഗസ്ഥ വൃന്ദവും മാത്രമാണ് കശ്മീരില്‍ നിലവില്‍ കാര്യനിര്‍വഹണം.
റിയാസ് നൈകൂവിന്റെ വധം താഴ്‌വരയില്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കാരണമാകുമെന്ന് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘റിയാസ് നൈകൂവിന്റെ വധം തീര്‍ച്ചയായും കശ്മീരിലെ സായുധ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും. ബുര്‍ഹാന്‍ വാണിയുടെ വധത്തിന് ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ അധികരിച്ചത് നമ്മള്‍ കണ്ടതാണ്. നിരവധി യുവാക്കളാണ് തുടര്‍ന്ന് ആയുധമെടുത്തത്. സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജനസമ്മതി ലഭിക്കുന്നതും കണ്ടു,’ ഭാസിന്‍ അഭിപ്രായപ്പെട്ടു.
റിയാസ് നൈകൂവിന്റെ വധം സൈന്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് എന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
‘കുറഞ്ഞ കാലത്തേക്ക്, തീര്‍ച്ചയായും, നൈകുവിന്റെ വധം ഒരു നേട്ടമായി സൈന്യത്തിന് കണക്കാക്കാവുന്നതാണ്. വളരെയധികം കാലം സായുധ കമാന്ററായിരുന്ന, ജനകീയന്‍ കൂടിയായിരുന്ന റിയാസ് നൈകൂവിന്റെ വധം നേട്ടമായി കണക്കാക്കാം. എന്നാല്‍ സൈന്യത്തെ കൊണ്ടുമാത്രം കശ്മീരിലെ സായുധ ഗ്രൂപ്പുകളെ നേരിടാന്‍ സാധിക്കില്ല,’ ഭാസിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബുര്‍ഹാന്‍ വാണിയുടെ വധത്തിന് ശേഷം ഉണ്ടായ കശ്മീര്‍ കലാപങ്ങളുടെ സമയത്താകട്ടെ, അതിന് മുന്‍പും, തൊണ്ണൂറുകളിലും ഒക്കെ സൈനിക നടപടിയോടൊപ്പം കാര്യമായ രാഷ്ട്രീയ ഇടപെടലുകള്‍ കൂടി ഉണ്ടായിരുന്നു.
‘ഇന്ന് അത്തരത്തില്‍ ഒരു സംവിധാനവും നിലവിലില്ല. തൊണ്ണൂറുകളിലും, രണ്ടായിരത്തിലുമൊക്കെ ഏതെങ്കിലുമൊക്കെ തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ന് അതിനുള്ള സാദ്ധ്യതകള്‍ പോലുമില്ല,’ ഭാസിന്‍ നിരീക്ഷിക്കുന്നു.
സൈനികരും ഉദ്യോഗസ്ഥരുമാണ് നിലവില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായ യാതൊരു ഇടപെടലുകളും നിലവില്‍ ഇല്ലാത്തത് അത്ര ശുഭകരമാകില്ല എന്ന അഭിപ്രായം തന്നെയാണ് മുതിര്‍ന്ന കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ റിയാസ് വാണിയും ഡൂള്‍ ന്യൂസിനോട് പങ്കുവെച്ചത്.
‘രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള യാതൊരു സാഹചര്യവും നിലവിലില്ല. സൈന്യവും, ഉദ്യോഗസ്ഥരും ഗവര്‍ണറും മാത്രമാണ് നിലവില്‍ രംഗത്ത്,’ വാണി അഭിപ്രായപ്പെടുന്നു.
2016-ലെ ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷം നിരവധി യുവാക്കളാണ് സായുധ സംഘങ്ങളില്‍ ചേര്‍ന്നത്. താഴ്‌വരയില്‍ തീവ്രവാദം ശക്തമാകുന്നതിനനുസരിച്ച് കൂടുതല്‍ യുവാക്കള്‍ വരും ദിവസങ്ങളില്‍ ആയുധമെടുക്കാന്‍ സാധ്യതയുണ്ടെന്നും റിയാസ് വാണി കൂട്ടിച്ചേര്‍ക്കുന്നു.
അനുരാധ ഭാസിന്റെ അഭിപ്രായപ്രകാരം വിവരവിനിമയ മാര്‍ഗങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി എത്രയാളുകള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗമായി എന്നതിനെക്കുറിച്ച് യാതൊരു കണക്കും ലഭ്യമല്ല.
‘ രണ്ടായിരങ്ങളിലും 2012ലുമൊക്കെയുള്ള രീതിയനുസരിച്ച് സായുധ ഗ്രൂപ്പുകളില്‍ ചേരുന്ന യുവാക്കള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തുന്ന പതിവെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആരൊക്കെ പോയി എന്നതിന് യാതൊരു തെളിവുമില്ല. നിങ്ങള്‍ തോക്കെടുത്താല്‍ തീവ്രവാദിയായി,’ ഭാസിന്‍ വിശദീകരിക്കുന്നു.
തീവ്രവാദ സംഘങ്ങളുടെ സ്വാധീനങ്ങള്‍ക്കപ്പുറം യുവാക്കള്‍ ആയുധമെടുക്കുന്നതിന് പ്രധാന കാരണം നിരന്തരമായ അടിച്ചമര്‍ത്തലുകളുടെ അവകാശ ലംഘനങ്ങളുടെയും അന്തരീക്ഷമാണ് എന്നും ഭാസിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നൈകൂവിന്റെ വധത്തില്‍ പ്രതികരിച്ചുകൊണ്ട് വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ ആയ ദിബ്യേഷ് ആനന്ദ് ഡൂള്‍ ന്യൂസിനോട് അഭിപ്രായപ്പെടുന്നത് കശ്മീര്‍ താഴ്‌വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മൂലകാരണം മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുകളാണ് എന്നാണ്.
‘കശ്മീരിന്റെ സ്വയംഭരണം എടുത്തുകളയുന്നതുള്‍പ്പടെയുള്ള ഇന്ത്യ ഗവണ്മെന്റിന്റെ സമീപകാല ഇടപെടലുകള്‍ കാശ്മീരികളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും യാതൊരു തരത്തിലും ഉള്‍ക്കൊള്ളുന്നതല്ല. കൂടുതല്‍ കലാപത്തിലേക്ക് കാശ്മീര്‍ മാറുമോ അഹിംസാത്മകമായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്,’ ദിബ്യേഷ് ആനന്ദ് പറയുന്നു.
ഈ സൈനിക നടപടികള്‍ കൊണ്ട് താഴ്‌വരയിലെ സായുധ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാമെന്നത് അതിമോഹമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നൈകൂവിന്റെ വധം ദല്‍ഹിയും കശ്മീരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരിക്കും ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി ഹിസ്ബുല്‍ മുജാഹിദീന്‍ കശ്മീര്‍ താഴ്വരയില്‍ സജീവമായിരുന്നു. റിയാസ് നായ്കൂവിന്റെ വധത്തോടെ ബുര്‍ഹാന്‍ വാണി ഗ്രൂപ്പിലെ അവസാനത്തെ കണ്ണിയാണ് ഇല്ലാതായത്.
‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന പേരില്‍ കശ്മീരില്‍ പുതിയ ഒരു സായുധ സംഘം ഈ അടുത്തിടെയാണ് പ്രഖ്യാപിക്കപ്പെട്ടത്.
‘എന്നാല്‍ ഈ വിഭാഗത്തിന്റെ മുഖം ആരാണെന്നും എങ്ങനെയാണെന്നും നമുക്ക് ഇനിയും മനസിലായിട്ടില്ല. പൊലീസും ഇന്റലിജന്‍സും പറയുന്നതിനപ്പുറം വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല,’ അനുരാധ ഭാസിന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കശ്മീര്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് മതേതര മുഖം നല്‍കാനുള്ള ശ്രമമാകാം പുതിയ ‘ഫ്രണ്ടിലൂടെ’ നിറവേറ്റപ്പെടുക എന്ന് റിയാസ് വാണി അവകാശപ്പെടുന്നു.
‘സുപ്രധാനമായ ഒരു വഴിത്തിരിവാണ് ഇത്. കശ്മീര്‍ തീവ്രവാദ ചര്‍ച്ചകളില്‍ നിന്നും ലഷ്‌കറെ ത്വയ്യിബ – ജെയ്ഷെ മുഹമ്മദ് പേരുകള്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കുവാന്‍ സാധിക്കും. കശ്മീരിലെ സായുധ പ്രവര്‍ത്തനങ്ങളെ മതേതരമാകുവാനുള്ള ശ്രമമായി ഇതിനെ വായിക്കാം,’ റിയാസ് കൂട്ടിച്ചേര്‍ത്തു.
മെയ് ആറാം തീയതി റിയാസ് നായ്കൂ കൊല്ലപ്പെട്ടതുമുതല്‍ ഒറ്റപ്പെട്ട അക്രമണങ്ങള്‍ സൗത്ത് കാശ്മീരില്‍ നിന്നും ബദ്ഗാമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തെരുവിലിറങ്ങുകയും സൈന്യവുമായി എതിരിടുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റ് നിരവധി ആളുകളെ ആശുപതിയില്‍ പ്രവേശിപ്പിച്ചതായും വിവരം പുറത്തുവരുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക