ഒറ്റുകൊടുത്ത് ഇനിയുമെത്രനാള്‍; രിസാലക്ക് പിന്നാലെ മീഡിയവണ്ണിനെ വിമര്‍ശിച്ച് എസ്.എസ്.എഫ് ബുള്ളറ്റിനും
Kerala News
ഒറ്റുകൊടുത്ത് ഇനിയുമെത്രനാള്‍; രിസാലക്ക് പിന്നാലെ മീഡിയവണ്ണിനെ വിമര്‍ശിച്ച് എസ്.എസ്.എഫ് ബുള്ളറ്റിനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2023, 8:49 pm

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മീഡിയവണ്‍ ചാനലിനുണ്ടായ പിഴവില്‍ വിമര്‍ശനവുമായി എസ്.എസ്.എഫ് ബുള്ളറ്റിന്‍. സമാന വിഷയത്തില്‍ എസ്.എസ്.എഫ് ഉള്‍പ്പെടുന്ന സുന്നിവിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നായ രിസാല അപ്‌ഡേറ്റില്‍ വന്ന വിമര്‍ശന ലേഖനങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗിക ബുള്ളറ്റിനും ഇറക്കിയിരിക്കുന്നത്.

ഓരോ ആഴ്ചയിലുമുണ്ടാകുന്ന പ്രധാനപ്പെട്ട സമകാലിക വിഷയങ്ങളില്‍ എസ്.എസ്.എഫിന്റെ ഔദ്യോഗിക നിലപാടുകള്‍ വിശദീകരിക്കുന്നതാണ് എസ്.എസ്.എഫ്. ബുള്ളറ്റുകള്‍. മുന്‍കാലങ്ങളില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള നോട്ടീസ് ബോര്‍ഡുകളില്‍ ഇവ പ്രസിദ്ധപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൗകര്യവും ബുള്ളറ്റില്‍ പ്രചരിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

മീഡിയവണ്ണിനെ വിമര്‍ശിച്ച് കൊണ്ടുള്ള എസ്.എസ്.എഫ് ബുള്ളറ്റിന്‍

‘ക്യാമറയുടെ ക്ലാരിറ്റിയല്ല; മനസില്‍ അടിഞ്ഞുകൂടിയ മലിന ചിന്തകളാണ് പ്രശ്‌നം. സംവിധാനങ്ങലെ പഴി ചാരിയും നിര്‍ലജ്ജം മാപ്പു പറഞ്ഞും. സമൂഹത്തെ ഒറ്റികൊടുത്ത് ഇനിയുമെത്ര കാലം നിങ്ങള്‍ക്ക് കഴിയാനാകും’ എന്നാണ് എസ്.എസ്.എഫ് ബുള്ളറ്റിനിലുള്ളത്. പുതുപ്പള്ളി ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങില്‍ സംഭവിച്ച പിഴവും തുടര്‍ന്നുണ്ടായ മീഡിയവണ്ണിന്റെ വിശദീകരണങ്ങളെയും വിമര്‍ശിച്ച് കൊണ്ട് നേരത്തെ രിസാല അപ്‌ഡേറ്റിലും രണ്ട് ലേഖനങ്ങളുണ്ടായിരുന്നു.

രിസാല അപ്‌ഡേറ്റില്‍ വന്ന ലേഖനങ്ങള്‍

ജമാഅത്തെ ഇസ്‌ലാമി; വ്യാജനരേറ്റീവുകളുടെ പ്രചോദനങ്ങള്‍‘ എന്ന തലക്കെട്ടില്‍ എം.ലുഖ്മാന്‍, ‘ക്ഷമിക്കാം പക്ഷെ മുസ്‌ലിങ്ങളെ ഒറ്റു കൊടുക്കരുത്‘ എന്ന തലക്കെട്ടില്‍ സഞ്ജയന്‍ എന്നിവരായിരുന്നു മീഡിയവണ്ണിനെ വിമര്‍ശിച്ച് കൊണ്ട് രിസാലയില്‍ ലേഖനങ്ങള്‍ എഴുതിയത്. ഈ ലേഖനങ്ങള്‍ ആ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്.എസ്.എഫ് ബുള്ളറ്റിനും സമാന സ്വഭാവമുള്ള വിമര്‍ശനം മീഡിയവണ്ണിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ മീഡിയവണ്‍ കാന്തപുരം വിഭാഗവുമായി കൂടുതല്‍ അടുക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ക്ക് ഈ വിമര്‍ശനങ്ങള്‍ വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തല്‍. അസുഖബാധിതനായി ദീര്‍ഖനാളത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞെത്തിയ കാന്തപുരം രിസാലക്ക് പുറമെ ഒരു മാധ്യമത്തിന് നല്‍കിയിട്ടുള്ള ആദ്യ അഭിമുഖം മീഡിയവണ്ണിനായിരുന്നു. വിവിധ മാധ്യമങ്ങള്‍ ആ സമയത്ത് കാന്തപുരത്തിന്റെ അഭിമുഖത്തിന് ശ്രമിച്ചിരുന്നെങ്കിലും മീഡിയവണ്ണിന് മാത്രം അനുമതി ലഭിച്ചത് ഇരുവിഭാഗവും കൂടുതല്‍ അടുക്കുന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

ഈ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നതാണ് ഇപ്പോള്‍ എസ്.എസ്.എഫ് നേതൃത്വം ഒദ്യോഗികമായി ഇറക്കിയിട്ടുള്ള ബുള്ളറ്റിനിലും നേരത്തെ രിസാല അപ്‌ഡേറ്റില്‍ വന്നിട്ടുള്ള ലേഖനങ്ങളും എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മീഡിയവണ്ണിന്റെ പ്രധാനപ്പെട്ട എഡിറ്റോറിയല്‍ പദവിയില്‍ ഉണ്ടായിരുന്ന ആളാണ് ഇപ്പോള്‍ രിസാലയുടെ ചുമതല വഹിക്കുന്നത് എന്നതും നേരത്തെ രിസാലയില്‍ ലേഖനങ്ങല്‍ വന്ന സമയത്ത് ചര്‍ച്ചയായിരുന്നു.

അതേ സമയം രിസാലയിലെ ലേഖനത്തിനെതിരെയും എസ്.എസ്.എഫ് ബുള്ളറ്റിനെതിരെയും ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മീഡിയവണ്ണിനെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. എസ്.എസ്.എഫ് ബുള്ളറ്റിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. പഴയ സുന്നി ടൈഗര്‍ ഫോഴ്‌സിന്റെ പേരില്‍ ആരോപിക്കപ്പെട്ട കൊലപാതകങ്ങളും ചേകന്നൂര്‍ മൗലവി കൊലപാതകവുമെല്ലാം ആ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചേകന്നൂര്‍ മൗലവി വധക്കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നതായും, മുജാഹിദ് സെന്ററില്‍ ബോംബ് വെച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഈ വ്യക്തി ആ കേസുകളെല്ലാം പൊളിറ്റിക്കലി സെറ്റില്‍ ചെയ്തും, മാപ്പു പറഞ്ഞും സമുദായത്തെ വഞ്ചിക്കുകയാണ് എ.പി. സുന്നി വിഭാഗം ചെയ്തത് എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഈ പോസ്റ്റാണ് ജമാഅത്തെ ഇസ്‌ലാമി അനുകൂലികള്‍ ഇപ്പോള്‍ എസ്.എസ്.എഫ് ബുള്ളറ്റിനെ പ്രതിരോധിക്കാനായി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

content highlights; After Risala, SSF Bulletin criticizes MediaOne