കഴിഞ്ഞ ദിവസമായിരുന്നു ഡ്വെയ്ന്‍ ബ്രാവോ തന്റെ ഐ.പി.എല്‍ കരിയറിന് വിരാമമിട്ടത്. ഒരു താരമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയോടും ബ്രാവോ ഗുഡ് ബൈ പറഞ്ഞിരുന്നു.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് വിട പറഞ്ഞ് പോകാന്‍ ബ്രാവോ ഒരുക്കമായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ബൗളിങ് കോച്ചായി ചുമതലയേറ്റാണ് ബ്രാവോ പുതിയ സീസണ് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
‘ഞാനെന്റെ ഈ പുതിയ യാത്രക്കായി കാത്തിരിക്കുകയാണ്. കാരണം ഒരു താരമെന്ന നിലിയില്‍ എന്റെ ദിനങ്ങള്‍ പൂര്‍ണമായും അവസാനിച്ചതിന് ശേഷം ഞാന്‍ ചെയ്യുന്ന പുതിയൊരു കാര്യമാണിത്,’ ബ്രാവോ പറയുന്നു.
‘ബൗളര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. അതെനിക്ക് ആവേശം പകരുന്നതാണ്. ഒരു താരമെന്ന നിലയില്‍ നിന്നും കോച്ച് എന്ന നിലയിലേക്ക് മാറുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ എനിക്ക് വരുത്തേണ്ടി വരില്ലെന്നാണ് ഞാന്‍ കരുതുന്നത്.
കാരണം ഞാന്‍ കളിക്കുമ്പോഴും ബൗളര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ബാറ്റര്‍മാരേക്കാള്‍ ഒരുപടി കടന്ന് ചിന്തിക്കാനുമാണ് ശ്രമിച്ചിരുന്നത്. ആകെയുള്ള വ്യത്യാസമെന്നാല്‍ ഞാനൊരിക്കലും ഇനി മിഡ് ഓണിലോ മിഡ് ഓഫിലോ നില്‍ക്കേണ്ടി വരില്ല എന്നതാണ്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ലീഡിങ് വിക്കറ്റ് ടേക്കറാകുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പക്ഷേ, ഐ.പി.എല്ലിന്റെ ചരിത്രത്തിന്റെ ഭാഗമായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു,’ ബ്രാവോ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും വിരമിച്ചിരുന്നു. വിരമിച്ച ശേഷം പൊള്ളാര്‍ഡിനെ ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് മറ്റ് ഫ്രാഞ്ചൈസികളെ ഞെട്ടിച്ചത്.
ഇതിന് പുറമെ ഐ.എല്‍ ടി-20 ലീഗില്‍ എം.ഐ എമിറേറ്റ്‌സിന്റെ ക്യാപ്റ്റനായും ഫ്രാഞ്ചൈസി പൊള്ളാര്‍ഡിനെ നിയമിച്ചിരുന്നു. സി.എസ്.എ ടി-20 ലീഗില്‍ അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനാണ് ക്യാപ്റ്റന്‍.
അടുത്ത വര്‍ഷം ജനുവരിയിലാണ് ഐ.എല്‍ ടി-20 ലീഗ് ആരംഭിക്കുന്നത്. പൊള്ളാര്‍ഡിന് പുറമെ ബ്രാവോ, നിക്കോളാസ് പൂരന്‍, ട്രെന്റ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍ തുടങ്ങിയവരാണ് ഐ.എല്‍ ടി-20 ലീഗിന്റെ ഉദ്ഘാടന സീസണില്‍ മുംബൈ ഫ്രാഞ്ചൈസിക്കായി കളത്തിലിറങ്ങുക.
അതേസമയം, ഡിസംബര്‍ 23ന് നടക്കാനിരിക്കുന്ന മിനി താരലേലമാണ് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ഉറ്റുനോക്കുന്നത്. 900ലധികം താരങ്ങളാണ് മിനി ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓള്‍ റൗണ്ടര്‍ എന്ന ചുമതലയില്‍ നിന്നൊഴിഞ്ഞ് പരിശീലക സ്ഥാനമേറ്റെടുത്ത ഇരുവരും ടീമിനെ എങ്ങനെ വാര്‍ത്തെടുക്കുമെന്നാണ് ഇനി കാണേണ്ടത്.
Content Highlight: After Retirement Dwayne Bravo and Keiron Pollard appointed as coach in their respective teams