കൊച്ചി: കെ.എസ്.യു പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. കെ.എസ്.യു വില്‍ പുനഃസംഘടന നടന്നപ്പോള്‍ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മിറ്റിയിലെ രമേശ് ചെന്നിത്തല പക്ഷക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു.
രമേശ് ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കെ.എസ്.യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്‍ രംഗത്ത് വന്നത്.
അയോഗ്യത അഭിമാനം എന്നാണ് പോസ്റ്റ്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചയാളാണ് യദുകൃഷ്ണന്‍.
‘ഭൂമി രണ്ടായി പിളര്‍ന്നാലും ഇതുതന്നെയാണ് നിലപാട്…!
അയോഗ്യത അഭിമാനമാണ്
Ramesh Chennithala
കെ.എസ്.യുവിന്റെ പുതിയ അമരക്കാര്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍,’ എന്നാണ് യദുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്.
അതേസമയം, അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു നേതൃത്വത്തില്‍ ഒരു മാറ്റമുണ്ടാകുന്നത്. അലോഷ്യസ് സേവ്യറാണ് പുതിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് കെ.എം. അഭിജിത്ത് രാജിവെച്ച ഒഴിവിലാണ് എറണാകുളം കെ.എസ്.യു ജില്ലാ അധ്യക്ഷനായ അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി നിയമിതനായത്.
മുഹമ്മദ് ഷമ്മാസിനെയും ആന്‍ സെബാസ്റ്റ്യനെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. കെ.എം. അഭിജിത്തിനെ എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍.
വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കുത്തകയാണ് കെ.എസ്.യു പ്രസിഡന്റ് പദവി. ഇത്തവണയും മാറ്റമില്ലാതെ എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യറിന് നറുക്ക് വീണു. ഉമ്മന്‍ ചാണ്ടിയാണ് അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിന്റെ പേര് ശക്തമായി നിര്‍ദേശിച്ചത്. തുടര്‍ന്ന് വി.ഡി. സതീശന്റെ പിന്തുണയോട് കൂടി അലോഷ്യസിനെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു.
2017ലാണ് കെ.എം. അഭിജിത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റാകുന്നത്. അഭിജിത്തിന്റെ നേതൃത്വത്തിലുളള സംസ്ഥാന കമ്മിറ്റി പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.