| Friday, 14th September 2018, 3:07 pm

'ബി.ജെ.പി ഈ ചെയ്തതിനൊക്കെ തിരിച്ചു കൊടുത്തിരിക്കും, പലിശയടക്കം: ജയില്‍ മോചിതനായതിനു പിന്നാലെ ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി തങ്ങളോട് ചെയ്തതിനൊക്കെ 2019ല്‍ പകരം ചോദിച്ചിരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വെള്ളിയാഴ്ച സഹാരണ്‍പൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജയിലില്‍ കഴിയവേ അസുഖം ബാധിച്ച എന്നെ ചികിത്സിക്കാന്‍ അവര്‍ അനുവദിച്ചില്ല. ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ല. ശരിക്ക് ഭക്ഷണം ന്‍കിയില്ല. ജയിലിലും അവര്‍ ഞങ്ങള്‍ക്കെതിരെ അതിക്രമം നടത്തി. അവര്‍ എന്തൊക്കെ ഞങ്ങളോട് ചെയ്‌തോ അതിനൊക്കെ തിരിച്ചുകൊടുക്കും. പലിശയടക്കം. 2019ല്‍” ആസാദ് പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനും യു.പി സര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനമാണ് ചന്ദ്രശേഖര്‍ ഉന്നയിച്ചത്. “ബി.ജെ.പിക്ക് വോട്ടു ചെയ്യുകയെന്നത് ഭാവി തലമുറയെക്കൂടി പ്രതിസന്ധിയിലാക്കലാണ്. ഇപ്പോള്‍ ഞാന്‍ തിരിച്ചുവന്നിരിക്കുന്നു. ഒരു സാഹചര്യത്തിലും 2019ല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്നാണ് രാജ്യത്തുള്ള എല്ലാവരോടും എനിക്കു പറയാനുള്ളത്.” എന്നും അദ്ദേഹം പറഞ്ഞു.

Also Read:‘ഇനിയൊരു കൈയും ദളിതരെ ആക്രമിക്കാനായി ഉയരില്ല’ : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ജന്തര്‍മന്ദിറില്‍ നടത്തിയ പ്രസംഗം പൂര്‍ണരൂപം

നവംബര്‍ ഒന്നിനു മുമ്പ് തന്നെ മോചിപ്പിക്കാനായിരുന്നു യു.പി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ തനിക്കെതിരെ ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്നു മനസിലായപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനം നേരിടുമെന്ന് അവര്‍ ഭയന്നു. അതിനാലാണ് തന്നെയിപ്പോള്‍ മോചിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

പത്തുദിവസത്തിനുള്ളില്‍ തനിക്കെതിരെ മറ്റെന്തെങ്കിലും കള്ളക്കേസുകള്‍ അവര്‍ ചുമത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ബി.ജെ.പി പുറത്താക്കുകയെന്നതാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഹാരണ്‍പൂരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മെയ് ഒമ്പതിന് ഭീം ആര്‍മി മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയിരുന്നു.

മഹാപഞ്ചായത്ത് നടത്താന്‍ പൊലീസ് ഭീം ആര്‍മിക്ക് അനുമതി നിഷേധിച്ചു. എങ്കിലും ഭീം ആര്‍മിയുടെ ക്ഷണം സ്വീകരിച്ച് നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ഇത് പൊലീസും ഭീം ആര്‍മിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. ഇതേത്തുടര്‍ന്നാണ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്.

We use cookies to give you the best possible experience. Learn more