പുസ്തകം വായിച്ച് മകന്‍ അമ്മി, അബ്ബു എന്ന് വിളിക്കുന്നു; മതവികാരം വ്രണപ്പെടുന്നു; പുസ്തകം നിരോധിക്കണമെന്ന് പിതാവ്
national news
പുസ്തകം വായിച്ച് മകന്‍ അമ്മി, അബ്ബു എന്ന് വിളിക്കുന്നു; മതവികാരം വ്രണപ്പെടുന്നു; പുസ്തകം നിരോധിക്കണമെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2023, 6:00 pm

ഡെറാഡൂണ്‍: പാഠപുസ്തകത്തിലെ ഒരു കവിതയിലെ കഥാപാത്രമായ പെണ്‍കുട്ടി മാതാപിതാക്കളെ അമ്മി-അബ്ബു എന്ന് വിളിക്കുന്നത് കേട്ട് തന്റെ കുട്ടിയും അതാവര്‍ത്തിക്കുന്നുവെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമുള്ള പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് മനീഷ് മിത്തല്‍.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഡെറാഡൂണ്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം ക്ലാസിലെ ഗുല്‍മോഗര്‍ പാര്‍ട്ട് 2 എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് മിത്തല്‍ പരാതി നല്‍കിയിരിക്കുന്നത്.

ലാവണ്യ കാര്‍ത്തിക് എഴുതിയ ‘ടൂ ബിഗ് ടു സ്മാള്‍’ (Too big, too small) എന്ന കവിത തങ്ങളുടെ മകനെ ശരിയല്ലാത്ത രീതിയില്‍ സ്വാധീനിച്ചെന്നാരോപിച്ചാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്.

ഷാനു എന്ന പെണ്‍കുട്ടിയാണ് കവിതയിലെ പ്രധാന കഥാപാത്രം. താന്‍ വളര്‍ന്ന് വലിയ ആളായോ അതോ ഇപ്പോഴും ചെറുതാണോ എന്ന സംശയമാണ് ഷാനുവിനുള്ളത്.

ഈ സംശയവുമായി ബന്ധപ്പെട്ട സംസാരങ്ങളും മറ്റുമാണ് കവിതയുടെ പ്രമേയം. ദാദു, ദാദി എന്ന് അഭിസംബോധന ചെയ്ത് ഗ്രാന്‍ഡ് പേരന്റ്‌സിനോടും ഷാനു സംസാരിക്കുന്നുണ്ട്.

ഈ കവിത വായിച്ചതിന് ശേഷം തന്റെ മകന്‍ തന്നെ അബ്ബു എന്ന് വിളിക്കുന്നെന്നും അതുള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുമാണ് പരാതിക്കാരനായ മനീഷ് മിത്തല്‍ പറയുന്നത്.

‘എന്റെ മകന്‍ പെട്ടെന്നൊരു ദിവസം എന്നെ അബ്ബു എന്നും, അവന്റെ അമ്മയെ അമ്മി എന്നു വിളിക്കുകയും ചെയ്തു. അത് ഞങ്ങള്‍ക്ക് വലിയ ഷോക്കായി. ഞങ്ങള്‍ അവനോട് കാര്യമന്വേഷിച്ചപ്പോള്‍ അവന്‍ തന്റെ ഗുല്‍മോഹര്‍ പാര്‍ട്ട് 2 എന്ന ഇംഗ്ലീഷ് പാഠപുസ്തകം കാണിച്ചു തന്നു. അതിലെ ഒരു പാഠത്തില്‍ അച്ഛന്‍, അമ്മ എന്നീ വാക്കുകള്‍ക്ക് പകരം അമ്മി, അബ്ബു എന്നാണ് ഉപയോഗിച്ചിരിക്കുന്നത്,’ മിത്തല്‍ പറഞ്ഞു.

‘ഹിന്ദി പുസ്തകങ്ങളില്‍ മാതാ, പിതാ എന്നാണ് ഉപയോഗിക്കുന്നത്, ഉര്‍ദു പുസ്തകങ്ങളില്‍ അമ്മി, അബ്ബു എന്നും ഉപയോഗിക്കും. എന്നാല്‍ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ അമ്മി, അബ്ബു എന്നുപയോഗിക്കുന്നത് അനുയോജ്യമല്ല. ഈ പുസ്തകം ഡെറാഡൂണില്‍ മാത്രമല്ല ഐ.സി.എസ്.ഇ സിലബസിന്റെ ഭാഗമായി രാജ്യം മുഴുവന്‍ പഠിപ്പിക്കുന്നുണ്ട്,’ മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യ വിദ്യാഭ്യാസ ഓഫീസറോട് ജില്ലാ കളക്ടര്‍ സംഭവത്തെക്കുറിച്ച് ആരാഞ്ഞതായും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് വിവരം.

Content Highlights: After reading the book, the son calls Ammi, Abbu; Religious sentiments are hurts: Father