മുംബൈ: നടി രശ്മിക മന്ദാനക്ക് പുറമെ ബോളിവുഡ് അഭിനേത്രി കജോളിന്റെതെന്ന പേരിലും സമൂഹമാധ്യമത്തില്‍ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു. മലയാളി പേരുള്ള ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടത്.
കജോളിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്കാണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ ഒരു ഇന്‍ഫ്‌ളുവന്‍സരുടെ വീഡിയോയില്‍ കജോളിന്റെ മുഖം കൃത്രിമമായി ചേര്‍ത്തിരിക്കുകയാണെന്നാണ് ബൂം ലൈവ് റിപ്പോര്‍ട്ട് പറയുന്നത്. ജൂണ്‍ അഞ്ചിന് ഒരു ടിക് ടോക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഡീപ് ഫേക്കിനായി ഉപയോഗിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ടിക് ടോക്കിലെ ‘ഗെറ്റ് റെഡ്ഡി വിത്ത് മി’ എന്ന ട്രെന്‍ഡില്‍ അപ്ലോഡ് ചെയ്ത വീഡിയോ കൂടിയാണിത്. നിത്യജീവിതത്തിലെ കാര്യങ്ങളാണ് കൂടുതലായും ഈ ട്രെന്‍ഡില്‍ കോണ്‍ടെന്റ് ക്രിയേറ്റര്‍മാര്‍ പോസ്റ്റ് ചെയ്യുന്നത്. അതേസമയം യഥാര്‍ത്ഥ വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ട് ആരുടേതാണെന്ന് ബൂം ലൈവ് പുറത്തിവിട്ടിട്ടില്ല. പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കജോള്‍ വസ്ത്രം മാറുന്നുവെന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോക്ക് പുറമെ അനവധി സ്‌ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ പല തലക്കെട്ടുകളോട് കൂടി വിവിധ യൂട്യൂബ് ചാനലുകളിലും പേജുകളിലുമായി വീഡിയോ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പലതിനും ലക്ഷക്കണക്കിന് ആളുകള്‍ കാഴ്ചക്കാരായി ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: After Rashmika, Kajol gets caught in deep fake