അയോധ്യ: അയോധ്യയിലെ രാമക്ഷേത്ത്രതിന്റെ സുരക്ഷാ ചുമതലയുള്ള ജവാന്‍മാരുടെ ക്യാമ്പുകളില്‍ കനത്ത മഴക്ക് പിന്നാലെ വെള്ളം കയറി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് പ്രതിഷ്ഠാ ചടങ്ങ് നടത്തിയ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച ഉണ്ടെന്ന് നേരത്തെ മുഖ്യ പുരോഹിതന്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ശക്തമായ മഴയില്‍ ക്ഷേത്ര പരിസരത്ത് വെള്ളം കയറിയതായുള്ള റിപ്പോര്‍ട്ട്. ജവാന്‍മാരുടെ സാധനങ്ങള്‍ വെള്ളത്തില്‍ ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിന്‍ഷ്യന്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) ജവാന്‍മാരുടെ ക്യാമ്പുകളിലാണ് വെള്ളം കയറിയത്.
VIDEO | Belongings of PAC Jawans, Guarding Ram Mandir, Float As Their Camps Get Flooded#Ayodhya #RamMandir #RamTemple pic.twitter.com/zf3BqTcnrY
— Republic (@republic) June 27, 2024
കഴിഞ്ഞ ദിവസമാണ് ശ്രീകോവിലില്‍ ചോര്‍ച്ചയുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ രംഗത്തെത്തിയത്. എന്നാല്‍ നിര്‍മാണത്തില്‍ പിഴവുണ്ടെന്ന ആരോപണങ്ങള്‍ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര നിഷേധിച്ചു.
‘ഇലക്ട്രിക് വയറുകള്‍ സ്ഥാപിക്കാന്‍ ഉറപ്പിച്ച പൈപ്പുകളിലൂടെയാണ് മഴവെള്ളം ഒലിച്ചെത്തിയത്. രണ്ടാം നിലയുടെ മേല്‍ക്കൂരയുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അത് കഴിഞ്ഞാല്‍ ചോര്‍ച്ച ഉണ്ടാകില്ല,’ മിശ്ര പറഞ്ഞു.
ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച അര്‍ധരാത്രി പെയ്ത മഴയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന്‍ ഇരിക്കുന്ന സ്ഥലത്താണ് ചോര്‍ച്ചയെന്നാണ് പുരോഹിതന്‍ പറഞ്ഞത്.
‘രാജ്യത്തുടനീളമുള്ള പ്രശസ്തരായ എഞ്ചിനീയര്‍മാര്‍ പണിത രാമക്ഷേത്രം മഴയില്‍ ചോരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു മഴ പെയ്താല്‍ ക്ഷേത്രം ചോര്‍ന്നൊലിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് അതിശയകരമായ കാര്യമാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്വേഷിക്കണം,’ പുരോഹിതന്‍ പറഞ്ഞു.
Content Highlight: After Ram Mandir’s Roof Leaks, Belongings Float As Camps of Jawans Get Flooded