ജയ്പൂര്‍: കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തിയ എം.എല്‍.എമാരേയും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും പരോക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
പാര്‍ട്ടി വിട്ട വിമതരോട് ക്ഷമിക്കേണ്ടത് താനല്ലെന്നും പാര്‍ട്ടി നേതൃത്വമാണെന്നുമായിരുന്നു ഗെലോട്ടിന്റെ മറുപടി. പാര്‍ട്ടി നേതൃത്വം ക്ഷമിച്ചാല്‍ അവരെ സ്വാഗതം ചെയ്യുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.
താനുമായി പ്രശ്‌നമുള്ള എം.എല്‍.എമാരുടെ പരാതികള്‍ പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഗെലോട്ട് പറഞ്ഞു.
രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ബി.ജെ.പിയ്‌ക്കെതിരെയും ഗെലോട്ട് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ.പി അവരുടെ പുസ്തകത്തിലുള്ള എല്ലാ തന്ത്രവും ഉപയോഗിച്ചെന്നും എന്നാല്‍ അതിനൊന്നും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഗെലോട്ട് പറഞ്ഞു.
അവര്‍ പണം വാഗ്ദാനം ചെയ്തു, പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ എനിക്കൊപ്പമുള്ളവര്‍ പോയില്ല. ഞാന്‍ എന്റെ ആളുകളോട് പറഞ്ഞത് എനിക്ക് ജീവനുള്ളിടത്തോളം കാലം നിങ്ങളുടെ രക്ഷകര്‍ത്താവായി ഞാന്‍ ഉണ്ടാകുമെന്നും അവരെ സംരക്ഷിക്കുമെന്നുമാണ്.
ബി.ജെ.പി ഞങ്ങളെ താഴെയിറക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ക്ക് തിരിച്ചടിയായ കാര്യം എന്താണെന്ന് അവര്‍ക്ക് ഇതുവരെ മനസിലായിട്ടില്ല.
കൂടുതല്‍ കൂടുതല്‍ അധികാരം നേടുന്നതിനായി വൃത്തികെട്ട രാഷ്ട്രീയത്തില്‍ ലജ്ജയില്ലാതെ ഏര്‍പ്പെടുകയാണ് അവര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നാണംകെട്ട ഒരു സര്‍ക്കാരിനെ നാം കണ്ടിട്ടില്ല. അവരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഗെലോട്ട് പറഞ്ഞു.
അതേസമയം പാര്‍ട്ടിയെ ഒറ്റിയ വിമതര്‍ക്കെതിരെ നടപടി വേണമെന്നാണ് ഗെലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം പൈലറ്റിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വലിയ പ്രതികരണങ്ങളിലേക്ക് ഗെലോട്ട് പോയില്ല.
തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പൈലറ്റ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഒന്നിനും കൊള്ളാത്ത നേതാവാണ് പൈലറ്റെന്നായിരുന്നു അന്ന് ഗെലോട്ട് പറഞ്ഞത്. കാണാന്‍ ഭംഗിയുണ്ടായതുകൊണ്ടോ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിഞ്ഞതുകൊണ്ടോ കാര്യമില്ലെന്ന വിമര്‍ശനമുള്‍പ്പെടെ ഗെലോട്ട് ഉയര്‍ത്തിയിരുന്നു.