രാജസ്ഥാന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും പൊട്ടിത്തെറി?; അമരീന്ദര്‍-ബജ്‌വ പോര് മുറുകുന്നെന്ന് സൂചന
Panjab Crisis
രാജസ്ഥാന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും പൊട്ടിത്തെറി?; അമരീന്ദര്‍-ബജ്‌വ പോര് മുറുകുന്നെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 11:59 pm

ന്യൂദല്‍ഹി: രാജസ്ഥാന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും പൊട്ടിത്തെറികളെന്ന് സൂചന. മുഖ്യമന്ത്രി അമരീന്ദര്‍ സിങും രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പര്‍താപ് സിങ് ബജ്‌വയും തമ്മിലുള്ള പോര് മുറുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബിലെ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് പോര് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. വിഷമദ്യ ദുരന്തത്തില്‍ പഞ്ചാബിലെ മൂന്ന് ജില്ലകളിലായി 98 പേര്‍ മരിച്ചിരുന്നു.

വിഷയത്തില്‍ ആശങ്കകള്‍ വ്യക്തമാക്കി ബജ്‌വ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ പരാമര്‍ശങ്ങള്‍ അമരീന്ദര്‍ സിങ് നിരസിക്കുകയായിരുന്നു.

മറ്റൊരു കോണ്‍ഗ്രസ് എം.പിയായ ഷംഷെര്‍ സിങ് ദുള്ളൊയും സര്‍ക്കാരിനെതിരെ ബജ്‌വയ്‌ക്കൊപ്പം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അനധികൃത മദ്യമാഫിയയ്ക്ക് വളം വെക്കുകയാണെന്നായിരുന്നു ഇദ്ദേഹം കുറ്റപ്പെടുത്തിയത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ഇരുവര്‍ക്കുമെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. കാബിനറ്റും എം.പിമാര്‍ക്കെതിരെ തിരിയുകയായിരുന്നു.

ബജ്‌വയും അമരീന്ദര്‍ സിങും തമ്മിലുള്ള പിണക്കങ്ങള്‍ക്ക് കുറച്ച് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബജ്‌വയെ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി നിയമിക്കുന്നതിനെതിരെ അമരീന്ദര്‍ സിങ് തിരിഞ്ഞിരുന്നു. തുടര്‍ന്ന് 2016ല്‍ പാര്‍ട്ടി ഇതിന് പകരമായി ബജ്‌വയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കി. രാജസ്ഥാനിലേതിന് സമാനമായി പഞ്ചാബിലും ഇരുനേതാക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമിച്ചിട്ടില്ല.

പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിക്കൊണ്ട്, സുരക്ഷാ ഭീഷണികളില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ ബജ്‌വയുടെ സുരക്ഷ പിന്‍വലിച്ചു. 1980ലാണ് ഭീകരപ്രവര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജ് വയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ ബജ്‌വയ്ക്കുള്ളതുകൊണ്ടാണ് നടപടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ബജ്‌വയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തിയത്.

പഞ്ചാബ് സര്‍ക്കാരിന്റെ പരാജയവും മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഞാന്‍ സംസാരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് എനിക്കുണ്ടായിരുന്ന സുരക്ഷ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. എവന്റെ കുടുംബത്തെ സര്‍ക്കാര്‍ അപകടത്തിലേക്ക് തള്ളി വിടുകയാണ്’, ബജ്‌വ കുറ്റപ്പെടുത്തി.

ബജ്‌വയ്ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്രവും അടുത്തിടെ എടുത്തുമാറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക