ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്ത് പിടിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. നവംബര്‍ നാല്, അഞ്ച്, തിയതികളില്‍ ഗുജറാത്തില്‍ എത്തുന്ന അമിത് ഷാ പിന്നീട് 7,8,9 തിയതികളിലും ഗുജറാത്ത് സന്ദര്‍ശിക്കും.
രാഹുലിന്റെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍,ദളിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പട്ടേല്‍ വിഭാഗങ്ങളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാവും അമിത് ഷാ നടത്തുക.
പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുക.
സംസ്ഥാനത്തുടനീളം ഷാ പര്യടനം നടത്തുമെന്നാണ് അറിയുന്നത്. വിവിധ തലത്തിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാ സംസാരിക്കുമെന്നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കച്ചിലെ ഗാന്ധിധാം, മോര്‍ബി, സുരേന്ദ്ര നഗര്‍, ഭാവ്‌നഗര്‍, ബൊട്ടാഡ്, ആംറേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണു നാലാം തീയതി ഷാ സന്ദര്‍ശനം നടത്തുക.
അഞ്ചിന് വല്‍സദ്, നവ്സരി, ദാങ്, പഞ്ച്മഹല്‍, ദഹോദ്, സബര്‍കാന്ത, ആരാവല്ലി ജില്ലകളും ഏഴിന് രാജ്‌കോട്ട്, സൂറത്തിലെ നഗരങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. സൂറത്തില്‍ വജ്ര, വസ്ത്ര വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെക്കന്‍ ഗുജറാത്തിലൂടെ കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ നവ്സര്‍ജന്‍ യാത്ര കഴിയുന്നതിനു പിന്നാലെയാണു ഷാ സൂറത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് ഷാ സൂറത്തില്‍ അവസാനമായി വന്നത്.
നവംബര്‍ എട്ടിന് ജുനാഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോംനാഥ്, ബറൂച്ച്, നര്‍മദ, ആനന്ദ്, ഖേഡ, മഹിസാഗര്‍ എന്നിവിടങ്ങളും ഷാ സന്ദര്‍ശിക്കും. ഒന്‍പതിന് തിരിച്ചു സൂറത്തിലെത്തുന്ന ഷാ തപി, ജാംനഗര, ദ്വാരക, വഡോദര, ഛോട്ടാ ഉദേപ്പുര്‍ എന്നിവ സന്ദര്‍ശിച്ചു ദല്‍ഹിക്കു മടങ്ങും.
ഏത് അറ്റം വരെ പോയും ഗുജറാത്ത് പിടിക്കാനുള്ള അഭിമാനപോരാട്ടം ബി.ജെ.പി നടത്തുമ്പോള്‍ 22 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പുതിയ രാഷ്ട്രീയതേരോട്ടത്തിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.