ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നയിക്കുന്ന യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ഭാരത് ജോഡോ യാത്രയുടെ പര്യവസാനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി നയിക്കുന്ന ‘മഹിളാ മാര്‍ച്ചി’ന് തുടക്കമാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
2023 ലാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുക. ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ മുഴുവന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ദിവസം തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ മഹിളാ മാര്‍ച്ചിനും തുടക്കമാകുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്.
രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന് നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇതോടെ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതിനിടെ, മധ്യപ്രദേശില്‍ പര്യടനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്ര ഞാറാഴ്ചയോടെ രാജസ്ഥാനില്‍ പ്രവേശിക്കും. മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി വൈകീട്ടാണ് ജോഡോ യാത്ര രാജസ്ഥാനിലെത്തുക.
അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയായി രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,750 കിലോമീറ്റര്‍ നടക്കുന്ന ജോഡോ യാത്ര 150 ദിവസം നീണ്ട് നില്‍ക്കുന്നതാണ്.
കടന്നുപോയ സംസ്ഥാനങ്ങളിലെല്ലാം ഭാരത് ജോഡോ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാഷ്ട്രീയ ഭേദമന്യേ കലാ-സാംസ്‌കാരിക രംഗത്തുള്ളവരും സിനിമാ താരങ്ങളും മതനേതാക്കളും പല സംസ്ഥാനങ്ങളില്‍ നിന്നുമായി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പം നടക്കുന്നുണ്ട്.