ബെംഗളൂരു: അഞ്ച് നേതാക്കള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസ് നടത്തിവന്നിരുന്ന പദയാത്ര മാറ്റിവെച്ചു. 10 ദിവസം നീളുന്ന പദയാത്രയാണ് കോണ്‍ഗ്രസ് പാതിവഴിയില്‍ നിര്‍ത്തിവെച്ചത്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നേതൃത്വം പദയാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച് നടത്തിയ പദയാത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പദയാത്രയുടെ അഞ്ചാം ദിവസമായിരുന്നു 60 ലധികം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്
‘കഴിഞ്ഞ അഞ്ച് ദിവസമായി ഞങ്ങള്‍ വിജയകരമായി പദയാത്ര നടത്തി. ഞങ്ങള്‍ ഈ പദയാത്ര ബെംഗളൂരുവില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം കാരണം ഞങ്ങള്‍ അത് തല്‍ക്കാലം മാറ്റിവയ്ക്കുകയാണ്, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയും ഇത്തരമൊരു പദയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പദയാത്ര രണ്ട് മാസം മുന്‍പേ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
കര്‍ണാടകയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.
രാമനഗര ജില്ലയിലെ മേക്കേദാട്ടുവില്‍ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റര്‍ യാത്രയാണ് ആസൂത്രണം ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് മാര്‍ച്ച് നയിച്ചത്.
മേക്കേദാട്ടുവില്‍ കാവേരി നദിക്കു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച് ബെംഗളൂരുവിലും പരിസരങ്ങളിലും 4.75 ടി.എം.സി. അളവില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിനായിരങ്ങളായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിദ്ധരാമയ്യക്കും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും കത്തയക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പിലാക്കുമെന്ന ഉറപ്പും അദ്ദേഹം കത്തില്‍ നല്‍കിയിരുന്നു.
എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുകയായിരുന്നു കോണ്‍ഗ്രസ്. ഇതിനിടെയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ രണ്ട് മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയ്‌ലിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കൊവിഡ് പോസിറ്റീവായത്. പദയാത്രയ്ക്കിടെ ഇരുവരും ശിവകുമാറിനും സിദ്ധരാമയ്യക്കുമൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ശിവകുമാര്‍ ഇന്ന് രാവിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യാത്ര തത്ക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണെന്നും അവസാനിപ്പിച്ചിടത്തുനിന്നു തന്നെ യാത്ര പിന്നീട് തുടരുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനേയും ജനങ്ങളുടെ ക്ഷേമത്തേയും മാനിച്ചാണ് പദയാത്ര നിര്‍ത്തിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: After Rahul Gandhi Call, Congress Padyatra In Karnataka Is Paused