| Tuesday, 30th July 2024, 1:58 pm

പുത്തുമലയ്ക്ക് ശേഷം വയനാടിനെ തകർത്ത് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: പുത്തുമല ദുരന്തം അഞ്ച് വര്‍ഷത്തോടടുക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേയാണ് വയനാട്ടിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ദുരന്തം ഒരു ഗ്രാമത്തെ മുഴുവനായും ഇല്ലാതാക്കിയപ്പോള്‍, ഇന്ന് മുണ്ടക്കൈയില്‍ എന്താണ് സംഭവിച്ചതെന്ന് പോലും ആര്‍ക്കും മനസിലാകുന്നില്ല. പുത്തുമല ദുരന്തത്തില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ച 17 പേരില്‍ അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 50 ലധികം വീടുകള്‍ ഒലിച്ചുപോയി.

മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 63 മരണം രേഖപ്പെടുത്തി. ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുകയാണ്. മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്.

നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് 100ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി. അതേസമയം മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. മുണ്ടക്കൈയില്‍ 100ലധികം ആളുകള്‍ മണ്ണിനടിയിലെന്നാണ് നിഗമനം. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്.

അതേസമയം വയനാട്ടില്‍ പെയ്തത് അതിതീവ്ര മഴയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരാന്‍ സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം-വയനാട് അതിര്‍ത്തികളിലായി പെയ്തത് 30 സെന്റീമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: After Puthumala, the Mundakai landslide devastated Wayanad

Latest Stories

We use cookies to give you the best possible experience. Learn more