ടെല്‍ അവീവ്: ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ജുഡീഷ്യറി പരിഷ്‌കരണ നീക്കങ്ങളില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങളുടെ പ്രതിഷേധത്തിന് പുറമേ സ്വന്തം സര്‍ക്കാരില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും പരിഷ്‌കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ നീക്കം.
ഈ ആവശ്യം ഉന്നയിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ കഴിഞ്ഞ ദിവസം നെതന്യാഹു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇസ്രാഈലില്‍ ജനങ്ങള്‍ ജുഡീഷ്യറി പരിഷ്‌കരണങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ഐക്യവും പരിഗണിച്ച് നിയമ പരിഷ്‌കരണ പ്രക്രിയ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രംഗത്ത് വന്നിരുന്നു.
രാജ്യത്തെ അരക്ഷിതമാക്കാനോ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളി വിടാനോ അനുവദിക്കില്ലെന്നും തര്‍ക്കങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ നിയമനവും പുറത്താക്കലുമുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണമായ അധികാരം നല്‍കുന്നതുള്‍പ്പെടെ വിവാദപരമായ പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിച്ചത്.
ജുഡീഷ്യറി പരിഷ്‌കരണത്തിലൂടെ അധികാരം പൂര്‍ണമായും സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നെതന്യാഹു സര്‍ക്കാര്‍ നടത്തുന്നത് എന്നാരോപിച്ച് തൊഴിലാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങള്‍ ആഴ്ചകളായി ഇസ്രാഈല്‍ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടത്തി വരികയായിരുന്നു.
സുപ്രീംകോടതി വിധി അസാധുവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍, ഭരണകക്ഷിക്ക് അധികാരം ലഭ്യമാക്കുന്ന തരത്തിലായിരുന്നു നിയമ പരിഷ്‌കാരങ്ങള്‍. അഴിമതിക്കേസുകളില്‍ ആരോപണ വിധേയനായ നെതന്യാഹുവിന്, ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് ജുഡീഷ്യറി പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനം ശക്തമാണ്.
സര്‍ക്കാരിന്റെ പിന്മാറ്റം താല്‍കാലികമാണെന്നും വീണ്ടും പരിഷ്‌കരണ ശ്രമങ്ങളുമായി നെതന്യാഹു മുന്നോട്ട് വരുമെന്നുമുള്ള ആശങ്ക പ്രതിഷേധക്കാര്‍ക്കുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്.
അധികാരമേറ്റ ഉടന്‍ തന്നെ നീതിന്യായ വ്യവസ്ഥയെ പരിഷ്‌കരിക്കാനെന്ന പേരില്‍ പല നീക്കങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഫലസ്തീന്‍ വിരുദ്ധനിലപാടുകള്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ ഭരണം.
Content Highlights: After protests, Netanyahu government Delays Controversial Judicial Reforms