| Friday, 9th December 2022, 7:05 pm

ചാന്‍സലറെ മാറ്റാനുള്ള ബില്ല്; ലീഗ് കണ്ണുരുട്ടിയതോടെ കോണ്‍ഗ്രസ് യു ടേണ്‍ അടിച്ചുവെന്ന് സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് യൂടേണ്‍ എടുത്തത് ലീഗിനെ ഭയന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ബില്ലിനെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് ലീഗ് കണ്ണുരുട്ടിയതോടെ നിലപാട് മാറ്റിയത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവിരുദ്ധമായ ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് രാജ്യത്ത് മറ്റൊരിടത്തും കാണാത്തതാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസും അതിന് കുടപിടിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

‘ഗവര്‍ണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമായിട്ടും മുഖ്യ പ്രതിപക്ഷം അതിനെ അനുകൂലിക്കുന്നതിലൂടെ ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

1986ലെ ഷാബാനു കേസ് കാലം മുതല്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിരോധം കൊണ്ട് നടക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മതമൗലികവാദവും സ്ത്രീവിരുദ്ധതയും മാത്രമാണ് ലീഗിന്റെ നിലപാടിന്റെ പിന്നില്‍. വി.ഡി സതീശന്‍ ലീഗിന് കീഴടങ്ങുന്നത് മതമൗലികവാദത്തിന് കീഴടങ്ങുന്നതിന് തുല്ല്യമാണ്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഭരണ-പ്രതിപക്ഷം ചെയ്യുന്നത്. ഇപ്പോള്‍ തന്നെ നാഥനില്ലാ കളരിയായ കേരളത്തിലെ സര്‍വ്വകലാശാലകളെ പാര്‍ട്ടി സെന്ററുകളാക്കി മാറ്റാനാണ് പുതിയ ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ കോടതികള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍വ്വകലാശാലകളുടെ സ്വയം ഭരണം തകര്‍ക്കാനും പാര്‍ട്ടിയുടെ ആധിപത്യം സ്ഥാപിക്കാനുമാണ് ഈ ബില്ല്,’ സുരേന്ദ്രന്‍ പറഞ്ഞു.

നിയമവിരുദ്ധവും യു.ജി.സി നിയമങ്ങള്‍ക്കെതിരുമായ ബില്ലിനെതിരെ ബി.ജെ.പി പോരാടുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന തരത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത് മന്ത്രിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

സര്‍വകലാശാല ബില്ലിനെ അടുത്തഘട്ടത്തിലും ശക്തിയായി എതിര്‍ക്കും. ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സര്‍ക്കാരിനേക്കാള്‍ ഗവര്‍ണറെ എതിര്‍ത്തിട്ടുള്ളത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സര്‍ക്കാര്‍ വിട്ടിരുന്നു,’ സതീശന്‍ പറഞ്ഞു.

എന്നാല്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്നാണ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ല. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. ബില്ലില്‍ ഒപ്പിടാത്തതില്‍ രാജസ്ഥാനില്‍ ഒരു നിലപാട് കേരളത്തില്‍ ഒരു നിലപാട് എന്ന സമീപനം കോണ്‍ഗ്രസിന് ഇല്ല. എ.ഐ.സി.സിയുടെയും കോണ്‍ഗ്രസിന്റെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണ്,’ എന്നാണ് ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ സതീശന്‍ പറഞ്ഞത്.

സര്‍ക്കാര്‍ ഇതുവരെ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ നിര്‍ണായകമായ ഒരു ബില്ലായിരുന്നു ഇത്. എന്നാല്‍ അത് കൊണ്ടുവരുന്നതിന് മുന്‍പ് കേരളത്തിലെ പ്രതിപക്ഷവുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

Content Highlight: After pressure from the League, Congress took U turn on Chancellor Bill: K Surendran

We use cookies to give you the best possible experience. Learn more