ഭോപാല്‍: നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍.
‘ഗോഡ്‌സെ ഒരു ദേശീയവാദിയായിരുന്നു. ജീവിതംകാലം മുഴുവന്‍ അദ്ദേഹം രാജ്യത്തെ കുറിച്ച് ചിന്തിച്ചു. ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ’ മധ്യപ്രദേശിലെ ഇന്‍ഡോറിലെ അംബേദ്ക്കര്‍ നഗര്‍ എം.എല്‍.എയായ ഉഷാ താക്കൂര്‍ പറഞ്ഞു.
ഗോഡ്‌സെ ഭക്തി പ്രകടിപ്പിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് എം.എല്‍.എയും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം എം.എല്‍.എയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ആശയധാര ഗോഡ്‌സെയുടേതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നരേന്ദ്ര സലൂജ പറഞ്ഞു. ഇനി സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ ഗോഡ്‌സെയുടെ ചിത്രമെടുത്ത് വെച്ച് പൂജ ചെയ്താല്‍ മാത്രം മതിയെന്നും സലൂജ പറഞ്ഞു.
അതേസമയം പ്രസ്താവന അറിഞ്ഞില്ലെന്നാണ് ബി.ജെ.പി വക്താവ് ദീപക് വിജയ് വര്‍ഗീയ പ്രതികരിച്ചത്.
മുസ്‌ലിംങ്ങള്‍ പെരുന്നാളിന് ആടിനെ ബലി നല്‍കുന്നതിന് പകരം സ്വന്തം മക്കളെ ബലി നല്‍കണമെന്ന് പറഞ്ഞ നേതാവാണ് ഉഷാ താക്കൂര്‍.