| Friday, 30th June 2023, 10:07 pm

പ്രൈഡ് ആശംസ; ബാഴ്‌സലോണയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

സ്പോര്‍ട്സ് ഡെസ്‌ക്

പ്രൈഡ് ഡേ ആശംസാ പോസ്റ്റിട്ടതിന് പിന്നാലെ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് എഫ്.സി. ബാഴ്‌സലോണയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ജൂണ്‍ 28ന് പ്രൈഡ് ഡേയോട് ഐക്യപ്പെട്ടാണ് ബാഴ്‌സ അവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിരുന്നത്.

മഴവില്‍ നിറങ്ങള്‍ക്കിടയില്‍ ടീമിന്റെ ലോഗോ വെച്ചായിരുന്നു പുതിയ പ്രൊഫൈല്‍. ‘ഹാപ്പി പ്രൈഡ് 2023’ എന്ന ക്യാപ്ഷനും നല്‍കിയിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ, ഹോമോഫോബിക്കായ കമന്റുകള്‍ വരുന്നത്.

ഫേസ്ബുക്കില്‍ അപ്പ് ചെയ്ത ചിത്രത്തിന് ഇതുവരെ 5,77,000 റിയാക്ഷന്‍സ് ലഭിച്ചിട്ടുണ്ട്. അതില്‍ 3,22,000ഉം ആംഗ്രി റിയാക്ഷന്‍സാണ്. 77,000 ലൈക്ക് കിട്ടിയ പോസ്റ്റിന് 29,000 പേര്‍ ലൗ റിയാക്ഷന്‍സ് നല്‍കിയും പിന്തുണയറിയിച്ചിട്ടുണ്ട്.

ഈ പോസ്റ്റിന് പിന്നാലെ ക്ലബ്ബിന്റെ ട്വറ്റര്‍ പേജിന് 30,6000 ഫോളോവേഴ്‌സ് കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട അല്ലാത്ത മറ്റ് പോസ്റ്റുകള്‍ക്കും ആഗ്രി റിയാക്ഷന്‍സ് ഇടുന്നുണ്ട്.

LGTBQI+ പ്രൈഡ് ഡേ ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ സ്റ്റേഡിയങ്ങളില്‍ മഴവില്‍ പതാക ഉയര്‍ത്തിയതിന്റെ ചിത്രവും ബാഴ്‌സ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു.

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ പൂര്‍ണമായി അംഗീകരിക്കപ്പെടുന്നതിന്റെ ഭാഗമായാണ് പ്രൈഡ് മന്തിന് ആശംസ അറിയിക്കുന്നതെന്ന് ക്ലബ്ബ് വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. ഹോമോഫോബിയ, ട്രാന്‍സ്‌ഫോബിയ എന്നിവക്കെതിരെ ക്ലബ്ബ് എല്ലാക്കലത്തും നിലനില്‍ക്കുമെന്നും ബാഴ്‌സ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlight: After posting the Pride Day greetings, Cyber ​​attack on Barcelona’s social media pages

We use cookies to give you the best possible experience. Learn more