വമ്പന്‍മാരുടെ കൊമ്പൊടിച്ചു, എന്നിട്ടും കരയാനാണ് രോഹിത്തിന്റെ വിധി; വീഡിയോ വൈറല്‍
Sports News
വമ്പന്‍മാരുടെ കൊമ്പൊടിച്ചു, എന്നിട്ടും കരയാനാണ് രോഹിത്തിന്റെ വിധി; വീഡിയോ വൈറല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 2:28 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയമാണ് സ്വന്തം തട്ടകത്തില്‍ മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്ന് 6 സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്.

ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും മുംബൈ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. വെറും നാല് റണ്‍സ് നേടിയാണ് താരം പുറത്തായത്. ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് രോഹിത്തിന് പുരത്താക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേടിയ സെഞ്ച്വറി പ്രകടനം മാറ്റി നിര്‍ത്തിയാല്‍ രോഹിത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മത്സരത്തില്‍ പുറത്തായി ഡ്രസിങ് റൂമില്‍ എത്തിയ രോഹിത് കണ്ണീരണിയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

രോഹിത് ഈ സീസണിലെ തന്റെ ആദ്യ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 297 റണ്‍സാണ് സ്വന്തമാക്കിയത്. ചെന്നൈക്കെതിരെ 105 ഉം ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 49 ഉം ഉള്‍പ്പെടെയാണ് രോഹിത് റണ്‍സ് നേടിയത്. എന്നാല്‍ അടുത്ത അഞ്ച് കളികളില്‍ അദ്ദേഹം നേടിയത് വെറും 34 റണ്‍സ് മാത്രമാണ്. അതില്‍ നാല് മത്സരത്തില്‍ രണ്ടക്കം കടക്കാന്‍ താരത്തിന് സാധിച്ചില്ല.

ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി മുംബൈക്ക് രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ രോഹിത് തന്റെ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content highlight: After poor performance against Sunrisers Hyderabad, Rohit Sharma sad in the dressing room