| Monday, 1st February 2021, 7:58 am

പ്രതിഷേധത്തിന് വരാം, ഇരിക്കാം, വേദിയില്‍ നിന്ന് അഭിസംബോധന ചെയ്യാന്‍ വിടില്ല; സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ലെന്നാവര്‍ത്തിച്ച് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്റെ നിയന്ത്രണം രാഷ്ട്രീയക്കാരെക്കൊണ്ട് ഏറ്റെടുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍.

രാഷ്ട്രീയക്കാര്‍ വേദിയില്‍ നിന്ന് അഭിസംബോധന ചെയ്യുകയാണെങ്കില്‍, അത് തങ്ങളുടെ വ്യവസ്ഥകളുടെ ലംഘനമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് വന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം ഇരിക്കാമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിനിധിയുമായ ബൂട്ടാ സിംഗ് ബുര്‍ജില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിടുന്നതിനെക്കുിറിച്ചുള്ള കര്‍ഷകരുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ റാലിക്ക് സമീപം അനുവദിക്കരുതെന്ന് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷക നേതാവ് രാകേഷ് ടികായതിനെ രാഷ്ട്രീയ നേതാക്കള്‍ കണ്ടതിന് പിന്നാലെയാണ് പ്രതികരണം.

കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്നും ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ ജിന്ദ് ജില്ലാ പ്രസിഡന്റുമായ ആസാദ് പാല്‍വാ ഞായറാഴ്ച പറഞ്ഞിരുന്നു.

പ്രതിഷേധ സമയത്ത് കര്‍ഷകര്‍ ത്രിവര്‍ണ്ണ പതാകയോ അല്ലെങ്കില്‍ കര്‍ഷക യൂണിയനുകളുടെ പതാകകളോ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബി.ജെ.പിയെ വിലക്കിയതായും അദ്ദേഹം പറഞ്ഞു. കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബി.ജെ.പിക്കാരയോ ജെ.ജെ.പിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കര്‍ഷക പ്രതിഷേധം തുടരുന്നതുവരെയും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളില്‍ നിന്നുള്ള ആരും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും പരിപാടികളില്‍ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായാണ് ആസാദ് പാല്‍വാ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: After Politicians Meet Rakesh Tikait, Farmers’ Group Read Out Rulebook

We use cookies to give you the best possible experience. Learn more