കത്വ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി. രാജ്യത്തെ വിഘടിക്കാന്‍ ജമ്മു കശ്മീരിലെ രണ്ട് കുടുംബങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ തടയുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കാണ് മെഹ്ബൂബയുടെ മറുപടി.
രാഷ്ട്രീയ കുടുംബങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഇതേ പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ എന്തുകൊണ്ടാണ് അദ്ദേഹം ദൂതന്മാരെ അയക്കാറുള്ളത്?. മുസ്‌ലീങ്ങളെയും പിന്നാക്കക്കാരെയും നാടുകടത്താനുള്ള ബി.ജെ.പിയുടെ അജണ്ട ഇന്ത്യയെ വിഭജിക്കാനുള്ളതാണെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി.
‘രാഷ്ട്രീയ കുടുംബങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഇതേ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ദൂതന്മാരെ അയക്കുന്നത് എന്തുകൊണ്ട്? 99 ല്‍ നാഷണല്‍ കോണ്‍ഫറന്‍സും 2015 ല്‍ പി.ഡി.പി യും. മുസ്‌ലീങ്ങളെയും പിന്നാക്കക്കാരെയും നാടുകടത്താനുള്ള ബി.ജെ.പിയുടെ അജണ്ഡയും ഇന്ത്യയെ വിഭജിക്കാനുള്ളതാണ്.’മെഹ്ബൂബ മുഫ്ത്തി കുറ്റപ്പെടുത്തി.
ജമ്മു കാശ്മീരില്‍ പൊതു റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ ആരോപണം. ജമ്മു കശ്മീരിലെ അബ്ദുള്ളമാരും മുഫ്തിമാരും അവിടുത്തെ മൂന്ന് തലമുറകളെ നശിപ്പിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.
‘രാജ്യത്തെ രണ്ടാക്കാന്‍ ഞാന്‍ മുഫ്തിമാരെയും അബ്ദുള്ളമാരെയും അനുവദിക്കില്ല. ഇവര്‍ ഇവിടെ നിന്നും വിടവാങ്ങിയ ശേഷം മാത്രമേ ജമ്മു കശ്മീരിന്റെ ഭാവി ശോഭനമാക്കാന്‍ കഴിയൂ. ഇവരുടെ കൂട്ടരേ മുഴുവനായും ഈ മണ്ണില്‍ ഇറക്കിക്കോട്ടെ, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, എന്നാലും ഈ രാജ്യത്തെ വിഘടിക്കാന്‍ ഞാന്‍ അനുവദിക്കില്ല.’ മോദി പറഞ്ഞിരുന്നത്.
ജമ്മു കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകള്‍. ഇത് പുതുതായി ഉന്നയിക്കുന്ന ഒരു ആവശ്യമല്ലെന്നും, ഇതിന് മുന്‍പും ഇതേ ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഉമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് അത് സാധിച്ചില്ലെങ്കിലും കാശ്മീരി പണ്ഡിറ്റുകളെ ജമ്മു കാശ്മീരിലേക്ക് താന്‍ തിരികെ എത്തിക്കുമെന്നും മോദി പറഞ്ഞു. ആ ലക്ഷ്യത്തിനായി താന്‍ സ്വയം സമര്‍പ്പണം നടത്തിയിരിക്കുന്നെവെന്നും ഈ ‘കാവല്‍ക്കാരന്‍’ അതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. പാകിസ്ഥാനില്‍ നിന്നും വന്ന ‘ഭാരതാംബ’യില്‍ വിശ്വസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും താന്‍ പൗരത്വം നല്‍കുമെന്നും മോദി പറഞ്ഞു.
തന്റെ പ്രസംഗത്തിനിടയില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെയും മോദി വിമര്‍ശിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിലെ ഇരകളെ ആദരിക്കുന്ന വൈസ് പ്രസിഡന്റിന്റെ ചടങ്ങില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പങ്കെടുക്കാന്‍ എത്തിയില്ല എന്നായിരുന്നു മോദിയുടെ വിമര്‍ശനം. ‘ദേശഭക്തിയും ‘കുടുംബ’ഭക്തിയും തമ്മില്ലുള്ള വ്യത്യാസം ഇതാണ്’ മോദി പറഞ്ഞു.
‘എനിക്ക് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഏറെ നാളായി അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇത്തരത്തില്‍ ‘കുടുംബ’ ഭക്തി പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം എനിക്ക് മനസിലാക്കാന്‍ സാധിക്കും.’ മോദി പറഞ്ഞു.