കര്‍ണ്ണാടക ഇലക്ഷന്‍: 'നിങ്ങള്‍ക്ക് ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടിക വ്യാജമാണ്'; വ്യാജസ്ഥാനാര്‍ഥിപ്പട്ടിക വിഷയത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്സ്
Karnataka Election
കര്‍ണ്ണാടക ഇലക്ഷന്‍: 'നിങ്ങള്‍ക്ക് ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടിക വ്യാജമാണ്'; വ്യാജസ്ഥാനാര്‍ഥിപ്പട്ടിക വിഷയത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 11:30 am

ബെംഗളുരു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി പരാതികള്‍ വ്യാപകമാണ്. തങ്ങളെപ്പറ്റി വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞത്.

ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ വ്യാജ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നുവെന്ന ആരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയിലെ വിവിധഭാഗത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടിക വാട്‌സാപ്പ് സന്ദേശമായി ലഭിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയെത്തിയ സന്ദേശത്തില്‍ 132 സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങളാണ് ഉണ്ടായിരുന്നത്. കര്‍ണ്ണാടകയിലെ മിക്ക ചാനലുകളും ഈ ലിസ്റ്റ് പുറത്തുവിടുകയും ചെയ്തിരുന്നു.


ALSO READ:

‘എന്തൊരു തള്ള്, ബീഹാര്‍ മുഖ്യമന്ത്രി പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല’; ഒരാഴ്ച കൊണ്ട് 8.5 ലക്ഷം ടോയ്‌ലെറ്റ് നിര്‍മ്മിച്ചെന്ന മോദിയുടെ അവകാശവാദം കണക്ക് പറഞ്ഞ് പൊളിച്ച് തേജസ്വി യാദവ്


എന്നാല്‍ ഇത്തരമൊരു പട്ടിക തങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം അറിയച്ചത്. സ്ഥാനാര്‍ഥിനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രക്കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം ദല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉന്നത കോണ്‍ഗ്രസ്സ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ കൈയ്യൊപ്പോടെയുള്ള ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് തന്നെയാണ് ഇത്തരം ഈ പട്ടിക വ്യാജമാണെന്നതിന് ഏക തെളിവെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.


“വ്യാജ പ്രചരണങ്ങള്‍ പുറത്തുവിടുന്ന വിധ്വംസക ശക്തികളുടെ പിടിയില്‍ നിങ്ങള്‍ വീഴരുത്. ഞങ്ങള്‍ ഇതുപോലൊരു പട്ടിക പുറത്തിറക്കിയിട്ടില്ല”- കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇത്തരം വ്യാജ പട്ടികകളെ പറ്റി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളാട് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.