| Tuesday, 9th November 2021, 10:36 am

അഫ്ഗാന്‍ വിഷയത്തില്‍ ദല്‍ഹിയില്‍ ചര്‍ച്ച; പാക്കിസ്ഥാന് പിന്നാലെ ചൈനയും പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി നവംബര്‍ 10ന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ‘റീജിയണല്‍ സെക്യൂരിറ്റി ഡയലോഗി’ല്‍ ചൈന പങ്കെടുക്കില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ട്. വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. നേരിട്ട് പങ്കെടുത്തില്ലെങ്കിലും നയതന്ത്ര ചാനലുകള്‍ വഴി നിരന്തരം ബന്ധപ്പെടാനും ചര്‍ച്ച നടത്താനും സന്നദ്ധമാണെന്ന് ചൈന അറിയിച്ചിട്ടുണ്ട്.

അതേസമയം റഷ്യ, ഇറാന്‍, തജക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കസഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. ആതിഥേയ രാജ്യമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ചര്‍ച്ചയുടെ അധ്യക്ഷനാവും.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയതോടെ ഇന്ത്യ അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ സുരക്ഷാ സംബന്ധമായ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച നടത്തുന്നത്. പുതിയ താലിബാന്‍ സര്‍ക്കാര്‍, പ്രദേശത്ത് ഭീകരവാദം, ആയുധക്കടത്ത് എന്നിവ വളരുന്നതിന് കാരണമാകുമോ എന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആശങ്ക.

അഫ്ഗാനിസ്ഥാന്റെ നിലവിലെ സ്ഥിതിയും ഭാവിയും, താലിബാന്‍ ഭരണകൂടവുമായി പുലര്‍ത്തേണ്ട നയതന്ത്ര ബന്ധത്തെക്കുറിച്ചും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: After Pakistan, China to skip New Delhi meeting on Afghanistan

We use cookies to give you the best possible experience. Learn more