ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി നവംബര്‍ 10ന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ‘റീജിയണല്‍ സെക്യൂരിറ്റി ഡയലോഗി’ല്‍ ചൈന പങ്കെടുക്കില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ട്. വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. നേരിട്ട് പങ്കെടുത്തില്ലെങ്കിലും നയതന്ത്ര ചാനലുകള്‍ വഴി നിരന്തരം ബന്ധപ്പെടാനും ചര്‍ച്ച നടത്താനും സന്നദ്ധമാണെന്ന് ചൈന അറിയിച്ചിട്ടുണ്ട്.
അതേസമയം റഷ്യ, ഇറാന്‍, തജക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കസഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. ആതിഥേയ രാജ്യമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ചര്‍ച്ചയുടെ അധ്യക്ഷനാവും.