കോഴിക്കോട്: രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന കക്കാടംപൊയിലുള്ള പി.വി.ആര്‍ നാച്ചുറോ റിസോര്‍ട്ടിലെയും പാര്‍ക്കിലെയും അനധികൃത തടയണകള്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ച് സി.പി.ഐ.എം ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത്.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തടയണകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകിപ്പിച്ച പഞ്ചായത്താണ് അന്‍വറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ തടയണകള്‍ പൊളിക്കാനുള്ള ജോലികള്‍ക്കായി റീടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2024 ജനുവരി 31നായിരുന്നു കാട്ടരുവിയുടെ സ്വഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി റിസോര്‍ട്ടില്‍ നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ വിധി നിലനില്‍ക്കുന്ന ഘട്ടത്തിലും ഉടമകള്‍ കാട്ടരുവി പൂര്‍ണമായും മണ്ണിട്ടുമൂടുകയും തടയണ ഉണ്ടായിരുന്ന സ്ഥലത്ത് കിണര്‍ കുഴിക്കുകയും ചിലയിടങ്ങളില്‍ കോണ്‍ഗ്രീറ്റ് നിറക്കുകയും ചെയ്തിരുന്നു.
ഇത് കൂടാതെ കക്കാടംപൊയിലിലുള്ള അന്‍വറിന്റെ പാര്‍ക്കിലെ ചില നിര്‍മാണങ്ങള്‍ ഒരു മാസത്തിനകം പൊളിക്കാന്‍ കോഴിക്കോട് ജില്ല കളക്ടര്‍ ജൂലായ് 25ന് ഉത്തരവിടുകയും ചെയ്തു. ദുരന്തസാധ്യത മുന്നില്‍ കണ്ടായിരുന്നു കളക്ടറുടെ നടപടി. നിര്‍മിതകള്‍ ഉടമകള്‍ തന്നെ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിച്ചതിന് ശേഷം ഉടമകളില്‍ നിന്ന് പണം ഈടാക്കണമെന്നുമായിരുന്നു കളക്ടറുടെ ഉത്തരവ്.
ഈ ഉത്തരവിന്റെ കാലാവധിയും ഓഗസ്റ്റ് 25ന് അവസാനിച്ചിരുന്നു. ഉടമകള്‍ പൊളിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കുന്നതിന് വേണ്ടി സെപ്റ്റംബര്‍ 13ന് പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് അന്‍വറിന്റെ രാഷ്ട്രീയമാറ്റമുണ്ടാകുന്നത്. ഇതോടെ റീടെന്‍ഡന്‍ വിളിച്ച് പൊളിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടാനാണ് സി.പി.ഐ.എം. നേതൃത്വത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമം.
കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി.രാജന്റെ ഹരജിയിലായിരുന്നു അനധികൃത തടയണകള്‍ പൊളിക്കാനുള്ള ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഉത്തരവിറങ്ങി എട്ട് മാസത്തോളം നടപടികളൊന്നും സ്വീകരിക്കാത്ത പഞ്ചായത്താണ് ഇപ്പോള്‍ അന്‍വറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.
content highlights: After P.V. Anwar’s political change, the CPIM-ruled panchayat has moved to demolish the constructions in Kakadampoil.