ബീഹാറില്‍ 40ല്‍ 39 സീറ്റുകളും എന്‍.ഡി.എയ്ക്ക് ലഭിക്കാന്‍ കാരണം ജാതി സെന്‍സസ് എന്ന വാഗ്ദാനം; എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് തേജസ്വിയുടെ കത്ത്
പാട്ന: ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
ഒ.ബി.സി വിഭാഗത്തിന് സംവരണവും മറ്റ് ആനുകൂല്യങ്ങളും തുല്യമായി വിതരണം ചെയ്യുന്നതിന് 2021 ല്‍ ജാതി സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
2019 ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് 2021ല്‍ ജാതി സെന്‍സസ് നടത്തുമെന്ന് ഉറപ്പുനല്‍കിയതായി യാദവ് തന്റെ കത്തില്‍ പറഞ്ഞു.
ബീഹാറില്‍ 40 ല്‍ 39 സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് ലഭിച്ചതിന്റെ ഒരു കാരണം ഇതാണെന്നും ബീഹാറിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഗസ്റ്റ് 4 ന് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നില്ല.
ഇതിന് പിന്നാലെ നിതീഷ് കുമാറിനെ പിന്തുണച്ച് തേജസ്വി രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിനെ അപമാനിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് തേജസ്വി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് നേരത്തെ തന്നെ നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.