ജയ്പൂര്‍: കോര്‍പ്പറേഷനില്‍ ദിവസവും “ജനഗണമനയും” “വന്ദേമാതരവും” നിര്‍ബന്ധമായി ആലപിക്കണമെന്ന് ജയ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്. സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവിനും വിവാദങ്ങള്‍ക്കും ശേഷമാണ് കോര്‍പ്പറേഷന് പുതിയ നിര്‍ദേശവുമായി മേയര്‍ അശോക് ലഹോതി രംഗത്തെത്തിയത്.
Also Read: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം യു.ഡി.എഫ് നേതാക്കളും; ചിത്രങ്ങള്‍ പുറത്ത്
ബി.ജെ.പിയാണ് ജയ്പൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ദിവസവും രാവിലെ “ജനഗണമനയും” വൈകുന്നേരം “വന്ദേമാതരവും” ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശത്തില്‍ പറയുന്നത്. ഇതിന് കഴിയാത്തവര്‍ പാക്കിസ്ഥാനിലേക്ക് പൊയ്ക്കൊള്ളണമെന്നും മേയര്‍ ലഹോതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ രാജ്യസ്നേഹം വളര്‍ത്തുന്നതിനും ജോലി അന്തരീക്ഷം മികച്ചതാക്കാനുമാണ് ദേശീയഗാനം നിര്‍ബന്ധമാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ദേശീയഗാനത്തിന് മുമ്പ് ജോലി സ്ഥലത്ത് എത്താവര്‍ക്ക് ആ ദിവസത്തെ ഹാജര്‍ നഷ്ടമാകുമെന്നുമാണ് ഉത്തരവ്.
ദേശീയ ഗാനത്തോടെ ഓരോ ദിവസവും ആരംഭിക്കുന്നതും വന്ദേമാതരത്തോടെ അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നും ലഹോതി പറയുന്നു. ജനഗണമന രാവിലെ 9.50നും വന്ദേമാതരം വൈകുന്നേരം 5.55നും ആലപിക്കണമെന്നുമാണ് ഉത്തരവ്.
പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഇന്നു മേയറുടെ നേതൃത്വത്തില്‍ ദേശീയ ഗാനാലാപനം നടന്നു.