national news
നഹര്‍ഗഡിനെ നജഫ്ഗഡാക്കിയത് ഔറംഗസേബ്; പേരുമാറ്റം ആവശ്യപ്പെട്ട് ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 09:48 am
Thursday, 27th February 2025, 3:18 pm

ന്യൂദല്‍ഹി: നജഫ്ഗഡിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ നീലം പഹല്‍വാന്‍. നജഫ്ഗഡിനെ ‘നഹര്‍ഗഡ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് എന്‍.എല്‍.എ പറഞ്ഞു. മുഗള്‍ ഭരണാധികാരിയായ ഔറംഗസേബാണ് നഹര്‍ഗഡിനെ നജഫ്ഗഡാക്കി മാറ്റിയതെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചു.

നജഫ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കൂടിയാണ് നീലം. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി തരുണ്‍ കുമാറിനെ 29,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് നീലം നിയമസഭയിലെത്തിയത്.

നേരത്തെ ആര്‍.കെ. പുരത്ത് നിന്നുള്ള എം.എല്‍.എ അനില്‍ ശര്‍മ, മണ്ഡലത്തിലെ ഒരു ഗ്രാമത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ്പൂര്‍ എന്ന ഗ്രാമം മാധവപുരം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് അനില്‍ ശര്‍മ ആവശ്യപ്പെട്ടത്.

2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എയായ മോഹന്‍ സിങ് ബിഷ്തും രംഗത്തെത്തിയിരുന്നു. ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്നാക്കി മാറ്റുമെന്നാണ് മോഹന്‍ സിങ് പ്രഖ്യാപിച്ചത്.

മുസ്തഫ എന്ന പേര് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അത് മാറ്റണമെന്നാണ് എം.എല്‍.എ പറഞ്ഞത്. മുസ്തഫാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് മോഹന്‍ സിങ് ബിഷ്ത്.

വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് മുസ്തഫാബാദ് സ്ഥിതി ചെയ്യുന്നത്. 2020ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ കലാപം ഏറ്റവും കൂടുതല്‍ ബാധിച്ചത് മുസ്തഫാബാദിനെയാണ്.

മുസ്തഫാബാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സി.എ.എ\എന്‍.ആര്‍.സി വിരുദ്ധ സമരപ്പന്തലിലേക്ക്ഹിന്ദുത്വ വാദികള്‍ ഇടിച്ചുകയറിയതോടെയാണ് ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെയാണ് മുസ്തഫാബാദ് ശ്രദ്ധിക്കപ്പെട്ടത്.

മഹാ കുഭമേള നടന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്ത നഗരങ്ങളാണ്. അലഹബാദിനെയാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രയാഗ്‌രാജ് ആക്കി മാറ്റിയത്.

എന്നാല്‍ അലഹബാദ് ഹൈക്കോടതി ഇപ്പോഴും പഴയ പേരില്‍ തന്നെയാണ് തുടരുന്നത്. ദല്‍ഹിയിലെ രാജ്പഥിനെ കര്‍തവ്യപഥ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യയെന്നും കേന്ദ്ര സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

ഇത്തരത്തില്‍ നിരവധി സ്റ്റേഡിയങ്ങളുടെയും റെയിവേ സ്റ്റേഷനുകളുടെയും പേരുകള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

Content Highlight: After Mustafad, BJP MLAs call for renaming of Najafgarh constituency