| Thursday, 4th January 2024, 5:43 pm

ധോണിക്ക് ശേഷം രോഹിത് മാത്രം, സൗത്ത് ആഫ്രിക്കയില്‍ നിന്ന് നാണംകെടാതെ മടങ്ങുന്ന ചരിത്രത്തിലെ രണ്ടാമത് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ അവസാനിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക – 55 & 176

ഇന്ത്യ – (T: 79) – 176 & 80/3

ഈ പരമ്പര സമനിലയിലാക്കിയതിന് പിന്നാലെ ഒരു മികച്ച റെക്കോഡും രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാത്ത രണ്ടാമത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

2010-11 വര്‍ഷത്തെ പര്യടനത്തില്‍ എം.എസ്. ധോണിയാണ് സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാതെ രക്ഷപ്പെടുന്ന ആദ്യ നായകന്‍. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.

മൂന്ന് മത്സരങ്ങളലടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 25 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് 87 റണ്‍സിനാണ് ഇന്ത്യ പിടിച്ചടക്കിയത്. മൂന്നാം ടെസ്റ്റ് സമനിലയിലും അവസാനിച്ചതോടെ പരമ്പരയും സമനിലയില്‍ അവസാനിച്ചു.

ഇപ്പോള്‍ നടന്ന പരമ്പരക്ക് മുമ്പ് എട്ട് തവണയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയത്. ഇതില്‍ ഏഴ് പരമ്പര പരാജയപ്പെടുകയും ഒന്ന് സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇന്ത്യ വിജയം പിടിച്ചടക്കിയിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 176 റണ്‍സിനും പുറത്താക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യക്ക് തുണയായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ബുംറയാണ് പ്രോട്ടിയാസ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ കരിയറിലെ ഒമ്പതാം ഫൈഫര്‍ നേട്ടവും ആഘോഷമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഏയ്ഡന്‍ മര്‍ക്രമാണ് സൗത്ത് ആഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 103 പന്തില്‍ 106 റണ്‍സാണ് മര്‍ക്രം സ്വന്തമാക്കിയത്.

നേരത്തെ നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സമനിലയില്‍ കലാശിച്ചിരുന്നു. മൂന്ന് മത്സരങ്ങളുട പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും തുടര്‍ന്നുള്ള ഓരോ മത്സരത്തില്‍ ഇരു ടീമും വിജയിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്. ശേഷം നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Content highlight: After MS Dhoni, Rohit Sharma is the only Indian captain to draw a Test match against South Africa in South Africa.

We use cookies to give you the best possible experience. Learn more