| Monday, 20th June 2022, 8:37 am

കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് തിരിച്ചുപിടിച്ചു; ഉടമസ്ഥത ഇനി മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് തിരിച്ചുപിടിച്ചു. മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കോടികളുടെ വിലമതിക്കുന്ന സ്വത്തുക്കളാണ് തിരിച്ചുപിടിച്ചിരിക്കുന്നത്.

ഷോപ്പിംഗ് കോംപ്ലക്സുകള്‍, യതീംഖാന ഓഫീസ്, കാലിക്കറ്റ് സര്‍വകലാശാല അംഗീകൃത വിമന്‍സ് കോളജ്, ദാറുല്‍ ഹുദ അംഗീകൃത ജൂനിയര്‍ കോളേജ്, ഓഫ്സെറ്റ് പ്രസ്, ക്ലിനിക്ക് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥത ഇനി കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കായിരിക്കും. രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും ഇതില്‍ ഉള്‍പ്പെടും.

ഭൂമിയുടെ എല്ലാ റവന്യൂ രേഖകളും കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്ക് മാറുകയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും നികുതി അടക്കുകയും ചെയ്തു.

ഈ വര്‍ഷം ജനുവരി അഞ്ചിന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് റവന്യൂ രേഖകളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോടികളുടെ വഖഫ് സ്വത്തുക്കള്‍ കുറ്റിക്കാട്ടൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയിലേക്ക് ചേര്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂര്‍ യതീംഖാന കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.

1987ല്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആരംഭിച്ചതാണ് യതീംഖാന. എന്നാല്‍ 1999ല്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോര്‍ഡ് അംഗവുമായ എം.സി. മായിന്‍ ഹാജിയുടെ ഭാര്യാ സഹോദരന്‍ എ.ടി. ബഷീര്‍ പ്രസിഡന്റായ ഒരു രഹസ്യ കമ്മിറ്റിക്ക് യതീംഖാനയുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരുന്നു.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ചായിരുന്നു സ്വത്ത് കൈമാറ്റം എന്ന ആരോപണമുയര്‍ന്നതിനാല്‍ ഇത് വലിയ വിവാദമായിരുന്നു.

എ.ടി. ബഷീര്‍ പ്രസിഡന്റായ യതീംഖാന കമ്മിറ്റിക്ക് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും സ്ഥാപനങ്ങളും വില്‍പന നടത്തിയെന്നായിരുന്നു പരാതി. ഭൂമിയുടെയും സ്ഥാപനങ്ങളുടെയും കൈമാറ്റം വഖഫിന്റെ കൈമാറ്റമാണെന്നും എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇത് നടത്തിയിരിക്കുന്നതെന്നുമായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പറഞ്ഞത്.

ഒരുപാട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭൂമി തിരിച്ചുപിടിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിലെ ഉന്നതര്‍ തന്നെ കൂട്ടുനിന്നതിന്റെ ഉദാഹരണമായാണ് കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ അനുബന്ധ സ്ഥാപനങ്ങളും വില്‍പന നടത്തിയത് വിലയിരുത്തപ്പെട്ടത്.

നേരത്തെ തന്നെ ജമാഅത്ത് കമ്മിറ്റി വഖഫ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നെങ്കിലും അത് ബോര്‍ഡ് സ്വീകരിച്ചിരുന്നില്ല. റഷീദലി ശിഹാബ് തങ്ങള്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ വില്‍പന ശരിവച്ച് 2015ല്‍ ബോര്‍ഡ് വിധി പുറപ്പെടുവിക്കുകയുമുണ്ടായി.

ഭൂമി വാങ്ങിയവര്‍ക്ക് ബോര്‍ഡുമായുള്ള അടുത്ത ബന്ധമാണ് ഈ നിയമവിരുദ്ധ നടപടി ബോര്‍ഡ് ശരിവെക്കാന്‍ കാരണമെന്നായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആക്ഷേപം. ചില ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിച്ചായിരുന്നു വിധിയെന്നും കമ്മിറ്റി പറഞ്ഞിരുന്നു. എന്നാല്‍ ബോര്‍ഡ് ശരിവെച്ച വില്‍പന പിന്നീട് വഖഫ് ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു.

വില്‍പന തടഞ്ഞ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വീണ്ടും വഖഫ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.

Content highlights: After more than a decade and a half of struggle, the Waqf Board has reclaimed the properties of Kuttikattur Yatheenkhana

We use cookies to give you the best possible experience. Learn more