| Saturday, 10th June 2023, 11:15 pm

'മാസങ്ങള്‍ക്ക് ശേഷം വെടിയൊച്ച കേള്‍ക്കാത്ത കുറച്ച് മണിക്കൂറുകള്‍', സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം. സുഡാനീസ്‌സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വെടിയൊച്ച കേള്‍ക്കാത്ത മണിക്കൂറുകളിലൂടെ കടന്ന് പോകുന്നതെന്ന് ഖാര്‍ത്തൂം സ്വദേശികള്‍ അല്‍ ജസീറയോട് പറഞ്ഞു.

‘ ഇത് ആദ്യമായാണ് യുദ്ധം ആരംഭിച്ചതിന് ശേഷം (ഏപ്രില്‍ 15) വെടിയൊച്ച കേള്‍ക്കാത്ത മണിക്കൂറുകളിലൂടെ  ഞങ്ങള്‍ കടന്നുപോകുന്നത്. ഇന്നത്തെ ദിവസം മൊത്തത്തില്‍ വ്യത്യസ്തതയുള്ളതാണ്,’ കിഴക്കന്‍ ഖാര്ത്തൂം പ്രദേശവാസിയായ ഹമീദ് ഇബ്രാഹി പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സും സൗദി അറേബ്യയും ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ശനിയാഴ്ച രാവിലെ ആറ് മുതലാണ് നിലവില്‍ വന്നത്. ഈ വെടിനിര്‍ത്തലിലൂടെ മാസങ്ങളായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നേരത്തെ വെടിനിര്‍ത്തല്‍ ഉടമ്പടികള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗവും അത് ലംഘിക്കുകയായിരുന്നു. ഈ പുതിയ ഉടമ്പടിയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും.

എന്നാല്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ ഉടമ്പടി പോരെന്ന് വടക്കന്‍ ഖാര്‍ത്തൂമിലെ താമസക്കാരനായ മഹ്മുദ് ബഷീര്‍ പറഞ്ഞു. ഈ യുദ്ധം അവസാനിച്ച് കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്.

CONTENT HIGHLIGHTS: After months of no gunshots for a few hours’, Sudan cease-fire agreement a success

We use cookies to give you the best possible experience. Learn more