|

മോഹന്‍ലാലിന്റെ ആറാട്ടിന് ശേഷം ഇനി മമ്മൂട്ടി ചിത്രം, തിരക്കഥ ഉദയകൃഷ്ണ; പ്രഖ്യാപനവുമായി ബി.ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ആറാട്ടിന് ശേഷം താന്‍ സംവിധാനം ചെയ്യുന്നത് മമ്മൂട്ടി ചിത്രമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.

ക്ലബ്ബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമാണിയാണ് ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. ആറാട്ട് സിനിമ തീര്‍ച്ചയായും തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്നും തന്റെ വിദൂര ചിന്തകളില്‍ പോലും ഒ.ടി.ടി റിലീസ് എന്നതില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പുലി മുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്.

ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫീസറായിട്ടാണ് താരം എത്തുന്നത്.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

After Mohanlal’s Aarattu Movie next Mammootty movie, screenplay by Udayakrishna; Says B. Unnikrishnan