യോഗിയുടെ ജനപ്രീതിയിൽ ഇടിവ്, മോദിയുടെ പിൻഗാമിയായി അമിത്‌ഷാ എത്തിയേക്കും; റിപ്പോർട്ട്
national news
യോഗിയുടെ ജനപ്രീതിയിൽ ഇടിവ്, മോദിയുടെ പിൻഗാമിയായി അമിത്‌ഷാ എത്തിയേക്കും; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 8:14 am

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയായി അമിത് ഷാ എത്തിയേക്കുമെന്ന് സർവേ റിപ്പോർട്ട്. 2024 ലെ ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയാണ് പ്രധാനമന്ത്രിയുടെ പിൻഗാമിയായി ആഭ്യന്തര മന്ത്രി അമിത്ഷാ എത്തുമെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്. സർവേയോട് പ്രതികരിച്ചവരിൽ 25 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയായി അമിത് ഷാ എത്തുമെന്ന് വിശ്വസിക്കുന്നവരാണ്. അതെ സമയം ശിവരാജ് സിങ് ചൗഹാനും ജനപ്രീതിയുണ്ട്.

പത്ത് വർഷത്തിലേറെയായി രാഷ്ട്രത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം പിറന്നാൾ അടുത്തിരിക്കവേ അദ്ദേഹത്തിന് ശേഷം ആര് എന്ന ചോദ്യം വളരെ നാളുകളായി ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ എന്ന സർവേ നടത്തിയത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി മന്ത്രി ശിവരാജ് ചൗഹാനുമാണ് സർവേയിൽ ജനപ്രീതി നേടിയ മറ്റ് നേതാക്കൾ.

19 ശതമാനം വോട്ടുകളോടെ യോഗി ആദിത്യനാഥ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. നിതിൻ ഗഡ്കരിക്ക് 13 ശതമാനം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. രാജ്‌നാഥ്‌ സിങ്ങിനും ശിവരാജ് ചൗഹാനും 5 ശതമാനം വോട്ടുകളും ലഭിച്ചു.

ഇന്ത്യ ടുഡേയുടെ പുതിയ സർവേയിൽ അമിത് ഷാ മുന്നിലെത്തിയെങ്കിലും ഇതിന് മുമ്പ് വന്ന സർവ്വേകളെ അപേക്ഷിച്ച് അമിത് ഷായുടെ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്. 2024 ഫെബ്രുവരിയിലെ 2023 ഓഗസ്റ്റിലെ നടന്ന എം.ഒ.ടി.എൻ സർവേകളിൽ അമിത് ഷായ്ക്ക് 28 ശതമാനവും 29 ശതമാനം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു.

ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയുടെ 2024 ഓഗസ്റ്റ് പതിപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 31% ത്തിലധികം പേർ പ്രധാനമന്ത്രി മോദിയുടെ പിൻഗാമിയായി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥി അമിത് ഷായാണെന്ന് വിശ്വസിക്കുന്നതായി കണക്കുകൾ സൂചിപ്പിച്ചിരുന്നു.

അമിത് ഷായുടെ കാര്യത്തിലെന്ന പോലെ പ്രധാനമന്ത്രി മോദിയുടെ പിൻഗാമിയാകാൻ യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനവും കുറഞ്ഞു. യോഗി ആദിത്യനാഥിൻ്റെ പിന്തുണ 2023 ഓഗസ്റ്റിൽ 25 ശതമാനം ആയിരുന്നത് 2024 ഫെബ്രുവരിയിൽ 24 ശതമാനം ആയി കുറഞ്ഞു, സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 19 ശതമാനം മാത്രമാണ് ഇപ്പോൾ മോദിക്ക് അനുയോജ്യമായ പിൻഗാമിയായി അദ്ദേഹത്തെ കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമികളായി രാജ്‌നാഥ് സിംഗും ശിവരാജ് സിംഗ് ചൗഹാനും ജനപ്രീതി നേടിയതായി 2024 ഓഗസ്റ്റ് മാസത്തെ ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ സൂചിപ്പിക്കുന്നു.

 

Content Highlight: After Modi, who? Survey reveals nation’s mood on his successor from BJP