national news
മോദിക്ക് പിന്നാലെ 'ഇന്ത്യ'യെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരും; അമ്പ് ലക്ഷ്യം കാണുന്നുവെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 26, 03:52 am
Wednesday, 26th July 2023, 9:22 am

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി കിരണ്‍ റിജിജു, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്ന പേരുണ്ടെന്നാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്. തുടര്‍ന്ന് ഇന്ത്യക്കെതിരെ ബി.ജെ.പി നേതാക്കളും ട്വീറ്റ് ചെയ്ത് തുടങ്ങി.

‘വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പ്രതിപക്ഷ സഖ്യം അതിന്റെ പേര് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ എന്ന പേര് മാറ്റത്തിലൂടെ മുന്‍കാലങ്ങളില്‍ അവര്‍ ചെയ്തത് പൊതു സമൂഹം മറക്കില്ല.

ഈ പ്രൊപ്പഗണ്ട വീക്ഷിക്കാന്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ പര്യാപ്തമാണ്. പുതിയ ലേബലില്‍ വന്ന ഈ പഴയ ഉത്പന്നത്തെ പഴയ വിയോജിപ്പോടെ പരിഗണിക്കുകയും ചെയ്യും,’ എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

‘വിദേശത്ത് നിന്ന് ഇടപെടുന്നവര്‍ ‘ഇന്ത്യയെ’ ഒരു മറയായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു എന്നത് വിരോധാഭാസമാണ്. വിഷമിക്കണ്ട, ജനങ്ങള്‍ എല്ലാം കണ്ടോളും,’ ജയശങ്കര്‍ പറഞ്ഞു.

‘ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കാന്‍ പാകിസ്ഥാന്റെ സഹായം യാചിച്ചവര്‍ ഇപ്പോള്‍ ഇന്ത്യ എന്ന പേര് മുതലാക്കുന്നു. ഹിന്ദിയെ കുറിച്ച് ക്ലാസെടുത്തവര്‍ ഇപ്പോള്‍ ഭാരതം എന്ന പേര് മറക്കുകയും ഇന്ത്യയെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു.

ഒരു രാജവംശത്തെ, കുടുംബത്തെ, ജാതിയെ മാത്രം സേവിക്കുന്ന ഇന്ത്യയെ മറന്ന ആളുകളാണ് ഇന്ന് ‘ഇന്ത്യ’യെ ഓര്‍മിക്കുന്നത്. ഇന്ത്യക്കാര്‍ ഈ അവസരവാദത്തെ തിരിച്ചറിയണം,’ നിര്‍മല പറഞ്ഞു.

അതേസമയം ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ‘അമ്പ് ലക്ഷ്യത്തിലെത്തിയെന്നാണ് ഇത് കാണിക്കുന്നതെന്ന്’ അമിത് ഷായുടെ ട്വീറ്റ് പങ്കുവെച്ച് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നലെ മോദിയുടെ പരാമര്‍ശം വന്നതിന് പിന്നാലെ തന്നെ മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു,

‘മതി പ്രധാനമന്ത്രി, ഇന്ത്യയെ നിരോധിത തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നത് നിങ്ങളുടെ ഓഫീസിനും അന്തസിനും നിരക്കുന്നതല്ല.

നിങ്ങള്‍ സഭയ്ക്ക് പുറത്ത് കാണിക്കുന്ന ധീരതയുടെ ഒരംശം പോലും പാര്‍ലമെന്റിനകത്ത് കാണിക്കാത്തത് എന്തുകൊണ്ടാണ്. ‘ഇന്ത്യ’യെ എന്തുകൊണ്ടാണ് അഭിമുഖീകരിക്കാത്തത്,’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

‘നമ്മള്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് പ്രധാനമന്ത്രി ‘ഇന്ത്യയെ’ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’ എന്ന് വിളിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭാരത മാതാവിനൊപ്പമാണ്.

ബി.ജെ.പിയുടെ രാഷ്ട്രീയ പിന്‍ഗാമികളായിരുന്നു ബ്രിട്ടീഷുകാരുടെ അടിമകള്‍. പ്രധാനമന്ത്രി മോദി, നിങ്ങളുടെ വാക്ചാതുര്യം കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്നത് അവസാനിപ്പിക്കൂ,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ മിസ്റ്റര്‍ മോദി. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും.

മണിപ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും സ്നേഹവും സമാധാനവും ഞങ്ങള്‍ തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍ നിര്‍മിക്കും,’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: After Modi, Union Ministers criticize ‘India’; Kejriwal says the arrow is on target