'ബാഗിനി: ബംഗാള്‍ ടൈഗ്രസ്' ട്രെയിലറിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി
D' Election 2019
'ബാഗിനി: ബംഗാള്‍ ടൈഗ്രസ്' ട്രെയിലറിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2019, 11:04 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങുന്ന ട്രെയിലര്‍ ആളുകളെ സ്വാധീനിക്കുമെന്നതിനാലാണ് കമ്മീഷന് സി.പി.ഐ.എം പരാതി നല്‍കിയിരിക്കുന്നത്.

മോദി ചിത്രത്തിനെതിരെ കമ്മീഷന്‍ നടപടിയെടുത്തത് പോലെ മമതയുടെ സിനിമയ്‌ക്കെതിരെയും കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.ഐ.എം നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

മെയ് 3നാണ് സിനിമ റിലീസ് ചെയ്യുന്നത്. ബംഗാളില്‍ അവസാന രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മെയ് 7നും 12നുമാണ്.

മോദിയുടെ ജീവിതം പറയുന്ന ‘പി.എം നരേന്ദ്രമോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയെ കുറിച്ചുള്ള സിനിമയും വരുന്നത്.

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും കൃത്രിമം നടന്നതായി കാണിച്ചു കൊണ്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കണ്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും 464 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.