| Wednesday, 28th September 2016, 4:28 pm

ധോണിയുടെ കഥപറയുന്ന സിനിമയ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്ക് കലാകാരന്‍മാര്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇസ്‌ലാമാബാദ് : ഇന്ത്യന്‍ ഏകദിന-ട്വന്റി20 നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. പാക്ക് കലാകാരന്‍മാര്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എം.ജി.സി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ പാക്കിസ്ഥാനിലെ വിതരണാവകാശം ഏറ്റെടുത്തിരുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഐ.എം.ജി.സി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ അറിയിച്ചു.

ഉറി ആക്രമണത്തിന് പിന്നാലെ പാക്ക് താരങ്ങളായ ഫവാദ് ഖാന്‍, മഹീറാ ഖാന്‍ തുടങ്ങിയ താരങ്ങളോട് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അന്ത്യശാസനം നല്‍കിയിരുന്നു. കൂടാതെ പാക്ക് താരങ്ങള്‍ അഭിനയിപ്പിക്കുന്ന ചിത്രങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കരുതെന്നും എം.എന്‍.എസ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായാണ് ധോണിയുടെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനുള്ള പാക്കിസ്ഥാന്റെ നീക്കം. സുശാന്ത് സിംഗ് രാജ്പുത് ധോണിയായി വേഷമിട്ട ചിത്രം ഈ മാസം 30 നാണ് റിലീസ് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more