| Friday, 27th October 2017, 9:24 pm

'തൊട്ട് മുമ്പത്തെ പ്രധാനമന്ത്രിയേയും അതിന് മുമ്പുള്ളവരേയും അനുകരിച്ചത് എല്ലാവരും മറന്നു';മോദിയെ അനുകരിച്ച് ഞെട്ടിച്ച 22കാരന്റെ അടുത്ത ഇര യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മോദിയെ അനുകരിച്ച് ലോകത്തെ ഞെട്ടിച്ച 22 കാരന്‍ പുതിയ ഐറ്റവുമായി വരുന്നു. മോദിയേയും രാഹുലിനേയും അനുകരിച്ച് ശ്യാം രംഗീല എന്ന യുവാവ് കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ചാനല്‍ പരിപാടിയിലായിരുന്നു ശ്യാമിന്റെ അനുകരണം. എന്നാല്‍ പിന്നീട് പരിപാടി സംപ്രേക്ഷണം ചെയ്യാതെ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പുതിയ ഇരയെ വെളിപ്പെടുത്തി ശ്യാം രംഗീല രംഗത്തെത്തിയിരിക്കുന്നത്.

ശ്യാമിന്റെ പുതിയ ലക്ഷ്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ അനുകരിക്കാനാണ്. ” തൊട്ട് മുമ്പത്തെ പ്രധാനമന്ത്രിയേയും അവര്‍ക്ക് മുമ്പുള്ളവരേയും അനുകരിച്ചിരുന്നു. അതെല്ലാം ആളുകള്‍ മറക്കും.” രംഗീല പറയുന്നു.

അപമാനിക്കുന്നതും പ്രതിഷേധിക്കുന്നതും ഒരാളെ അനുകരിക്കുന്നതിലൂടെ ഉണ്ടാക്കുന്ന ചിരി പോലല്ലെന്ന് ആളുകള്‍ മനസിലാക്കണമെന്നും രംഗീല പറയുന്നു. തന്റെ അനുകരണത്തിന്റെ പ്രശസ്തിയായിരുന്നു രംഗീലയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കാരണമായത്. എന്നാല്‍ മോദിയേയും രാഹുലിനേയും അനുകരിച്ചത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചതോടെ രംഗീലയെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം, രംഗീലയുടെ അനുകരണത്തിന് പരിപാടിയിലെ വിധികര്‍ത്താക്കളും പ്രേക്ഷകരുമെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്തിരുന്നു.


Also Read: വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍


“ഇങ്ങനെയല്ല കോമഡി ചെയ്യുന്നത്. മോദിയേയും രാഹുലിനേയും കെജരിവാളിനേയും ലാലു പ്രസാദ് യാദവിനേയും അനുകരിച്ച വേദികളിലൊന്നിലും ഇതുവരേയും എനിക്ക് പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ല.” രംഗീല പറയുന്നു. യൂട്യൂബില്‍ പോലും തനിക്കെതിരെ വെറും ഏഴോ എട്ടോ കമന്റുകള്‍ മാത്രമേ വന്നിരുന്നുള്ളുവെന്നും രംഗീല പറയുന്നു.

തന്റെ പരിപാടിയ്ക്കായി ഗ്രാമം മുഴുവന്‍ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ നുണ പറഞ്ഞെന്നാണ് തന്റെ അമ്മയോട് എല്ലാവരും പറയുന്നതെന്നും എന്നാല്‍ അടുത്ത തവണ ചാനലില്‍ വരുമ്പോള്‍ അത് ടെലികാസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പു വരുത്തുമെന്നും രംഗീല പറയുന്നു.

ഇപ്പോള്‍ താന്‍ യോഗിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും പെര്‍ഫെക്ടായാല്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more