| Friday, 21st June 2019, 3:14 pm

ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞിട്ടില്ല; സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കും; യൂടേണുമായി ദേവഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഇടക്കാല തെരഞ്ഞെടുപ്പു വേണ്ടിവരുമെന്ന പ്രസ്താവനയില്‍ യൂടേണുമായി ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡ.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസും ദേവഗൗഡയുടെ വാദം തള്ളി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഗൗഡ നിലപാടില്‍ നിന്നും പിന്‍വലിഞ്ഞത്.

താനുദ്ദേശിച്ചത് പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണെന്നും അസംബ്ലി തെരഞ്ഞെടുപ്പിനെ കുറിച്ചല്ലെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞത്.

” ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് പറഞ്ഞിട്ടില്ല. അസംബ്ലി തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞത്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് പാര്‍ട്ടിയെ വളര്‍ത്താനാണ്. കുമാരസ്വാമി പറഞ്ഞതുപോലെ ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കും. 2018 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പരസ്പരം മനസിലാക്കിയാണ് മുന്നോട്ടുപോകുന്നത്”- എന്നായിരുന്നു ദേവഗൗഡ പറഞ്ഞത്.

സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും ഇടക്കാല തെരഞ്ഞടുപ്പിന്റെ ആവശ്യം ഇല്ലെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞിരുന്നു.

ദേവഗൗഡ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം തന്നെ വിശദികരിക്കട്ടെയെന്നും ദിനേഷ് ഗുണ്ടു പറഞ്ഞിരുന്നു.

ദേവഗൗഡ പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രിയും മകനുമായ എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു ” ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞതെന്നും പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു കുമാരസ്വാമിയുടെ വാദം. അടുത്ത നാല് വര്‍ഷവും കര്‍ണാടക കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തന്നെ ഭരിക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

ഇന്ന് രാവിലെയായിരുന്നു കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ദേവഗൗഡയുടെ പ്രസ്താവന വന്നത്.

‘ അഞ്ചുവര്‍ഷം ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് അവര്‍ പറഞ്ഞത്, പക്ഷേ അവരുടെ പെരുമാറ്റം ഇത് പാലിക്കുന്ന മട്ടിലുള്ളതല്ല. ഞങ്ങളുടെ ആളുകള്‍ വളരെ സ്മാര്‍ട്ടാണ്. അവര്‍ കോണ്‍ഗ്രസുകാരെ നന്നായി ശ്രദ്ധിക്കുന്നുണ്ട്.’ ദേവഗൗഡ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്കു കാരണം പാര്‍ട്ടിയ്ക്ക് അവരുടെ ശക്തി ക്ഷയിച്ചതാണെന്നും ദേവഗൗഡ പറഞ്ഞിരുന്നു ‘ എന്റെ ഭാഗത്തുനിന്നും യാതൊരു അപകടവുമുണ്ടാവില്ല. ഈ സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കുമെന്ന് എനിക്കറിയില്ല. ഇത് കോണ്‍ഗ്രസിന്റെയും കുമാരസ്വാമിയുടേയും കൈകളിലാണ്.’ ദേവഗൗഡ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ എല്ലാ നിലപാടുകളും ജെ.ഡി.എസ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more