മൈക്കിളിനും വിക്രത്തിനും ശേഷം ബോള്‍ട്ട് ക്യാമറയില്‍ ഒരു യൂത്തന്റെ അഴിഞ്ഞാട്ടം
Film News
മൈക്കിളിനും വിക്രത്തിനും ശേഷം ബോള്‍ട്ട് ക്യാമറയില്‍ ഒരു യൂത്തന്റെ അഴിഞ്ഞാട്ടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 12:52 pm

വേറിട്ടൊരു വിഷ്വല്‍ ലാംഗ്വേജിലൂടെ പോകുന്ന കളര്‍ഫുള്‍ അടിപ്പടം. സിനിമാ പറച്ചിലിന്റെ പതിവ് ശൈലികളെല്ലാം മാറ്റിമാറിച്ച് പുതിയൊരു രൂപഭാവത്തിലാണ് ഖാലിദ് റഹ്മാന്‍ തല്ലുമാല പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

കളര്‍ഫുള്‍ ഫ്രെയിമുകളോടെയുള്ള മേക്കിങ്ങാണ് തല്ലുമാലയുടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഘടകം. തുടക്കത്തില്‍ നിന്നും ഒടുക്കത്തിലേക്ക് പോകാതെ ഒടുക്കത്തില്‍ നിന്ന് തുടങ്ങി തുടക്കത്തിലേക്കും മധ്യഭാഗത്തിലേക്കും മാറിമാറി സഞ്ചരിക്കുകയാണ് സിനിമ.

മനോഹരമായ വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. അതില്‍ പ്രധാന പങ്കുവഹിച്ച ഒരു ഘടകം ബോള്‍ട്ട് ക്യാമറയുടെ ഉപയോഗമാണ്. മനുഷ്യന് ചലിപ്പിക്കാന്‍ കഴിയുന്നതിലും വേഗത്തില്‍ ഹൈക്വാളിറ്റി ഫോക്കസില്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറ റോബോട്ട് തന്നെയാണ് ബോള്‍ട്ട്.

ഇതിന് മുമ്പ് ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും ബോള്‍ട്ട് ക്യാമറ മനോഹരമായി ഉപയോഗിച്ചിരുന്നു. പിന്നെ അത് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭീഷ്മ പര്‍വ്വത്തിലാണ്. ഭീഷ്മയിലെ ഫൈറ്റ് സ്വീക്വന്‍സുകള്‍ ഗംഭീരമാക്കി തീര്‍ക്കുന്നതില്‍ ബോള്‍ട്ട് ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അടുത്തിടെ തരംഗമായ വിക്രത്തിലും ബോള്‍ട്ട് ക്യാമറ ഉപയോഗിച്ചിരുന്നു. ഈ പ്രായത്തിലും ബോള്‍ട്ട് ക്യാമറയുടെ ടൈമിങ്ങിന് അനുസരിച്ച് ഫ്‌ളെക്‌സിബിളായി ഫൈറ്റ് സീക്വന്‍സുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് മമ്മൂട്ടിയും കമല്‍ ഹാസനും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. സീനിയേഴ്‌സിന്റെ ഊഴം കഴിഞ്ഞതോടെ ബോള്‍ട്ട് ക്യാമറക്ക് മുമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാട്ടം നടത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

തല്ലിന്റെ മാല തീര്‍ത്ത ചിത്രത്തില്‍ തല്ല് ഒരു കഥാപാത്രം തന്നെയാണ്. അസാധാരണ മെയ്‌വഴക്കമാണ് ഫൈറ്റ് രംഗങ്ങളില്‍ ടൊവിനോ പുറത്തെടുത്തത്. നേരത്തെ കളയിലൂടെ തന്നെ താരത്തിന്റെ ആക്ഷനിലെ മികവുകള്‍ പ്രേക്ഷകര്‍ കണ്ടിരുന്നെങ്കിലും തല്ലുമാലയിലെ ബോള്‍ട്ട് ക്യാമറയിലൂടെ അത് കൂടുതല്‍ മികച്ചതാവുകയാണ്.

മണവാളന്‍ വസീമിനായി വലിയ കഠിനാധ്വാനം തന്നെയാണ് താരം നടത്തിയത്. ഫിറ്റ്‌നെസ് കൂട്ടുന്നതിനൊപ്പം കംഫര്‍ട്ടബള്‍ സോണല്ലാത്ത ഡാന്‍സിലും കൈവെച്ചിരിക്കുകയാണ്. ടൊവിനോയ്‌ക്കൊപ്പം തന്നെ ലുക്മാനും അദ്രിയും ഓസ്റ്റിനും ഷൈന്‍ ടോമുമെല്ലാം ഗംഭീര പ്രകടനമാണ് ആക്ഷന്‍ രംഗങ്ങളിലും ഡാന്‍സിലുമെല്ലാം കാഴ്ച വെച്ചത്.

Content Highlight: After Michael and Vikram a great performance by Tovino thomas infront Bolt Camera