ന്യൂദല്‍ഹി: ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് താന്‍ നിരന്തരം അവഗണന നേരിടുകയാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ.
എന്‍.സി.പി തലവന്‍ ശരദ് പവാറുമായി ഖഡ്‌സെ ഇന്നലെ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ബി.ജെ.പി കേന്ദ്രനേതാക്കളുമായുള്ള തന്റെ കൂടിക്കാഴ്ച നീണ്ടുപോയെന്നും നേതാക്കളെ കാണാനുള്ള സമയം അവര്‍ അനുവദിച്ചില്ലെന്നുമാണ് ഖഡ്‌സെ പറഞ്ഞത്.
പവാര്‍ സാഹിബുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ഉദ്ദവുമായി കൂടിക്കാഴ്ച്ക്ക് ഒരുങ്ങുകയാണെന്നും ഖഡ്‌സെ തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
”എന്‍.സി.പി- സേന നേതാക്കളുമായുള്ള എന്റെ കൂടിക്കാഴ്ച ബി.ജെ.പി-ശിവസേന സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച ഒരു ജല പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. അത് തുടരേണ്ടതുണ്ട്. അതേസമയം ബി.ജെ.പി എന്നോട് മോശമായി പെരുമാറിക്കൊണ്ടിരിക്കുകയാണ്. എന്നെ അവഗണിക്കുന്നത് അവര്‍ പതിവാക്കിയിരിക്കുന്നു. ഇത്തരമൊരു നിലപാടാണ് അവര്‍ തുടരുന്നതെങ്കില്‍ ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും”- ഖഡ്‌സെ പറഞ്ഞു.
ബി.ജെ.പി വിടാന്‍ താങ്കള്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ബി.ജെ.പിയില്‍ തുടരണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ നിരാശനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകള്‍ രോഹിണി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് ആരെങ്കിലും ചോദിക്കണമെന്നും ഖഡ്‌സെ പറഞ്ഞു.
കഴിഞ്ഞയാഴ്ച ജല്‍ഗാവില്‍ നടന്ന പാര്‍ട്ടിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത ഖഡ്‌സെ താന്‍ പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിനോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വലിയ ദേശീയ പ്രശ്നങ്ങളും സംവാദങ്ങളും നേരിടുന്ന ഈ സമയത്ത് ഖഡ്‌സെയെപ്പോലൊരു നേതാവ് എന്‍.സി.പി-ശിവസേന സഖ്യത്തിനൊപ്പം പോയാല്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നാണ് ബി.ജെ.പി സംസ്ഥാന യൂണിറ്റ് അംഗം പ്രതികരിച്ചത്.