| Saturday, 10th March 2018, 11:35 pm

മായാവതിയുടെ വാഗ്ദാനത്തിന് കോണ്‍ഗ്രസിന്റെ പച്ചക്കൊടി; യു.പി രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. മായാവതി മുന്നോട്ടു വെച്ച വാഗ്ദാനം സ്വീകരിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞയാഴ്ചയാണ് മായാവതി തന്റെ “കൊടുക്കല്‍-വാങ്ങല്‍ ഡീലു”മായി കോണ്‍ഗ്രസിനെ സമീപിച്ചത്.

ഉത്തര്‍പ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്റെ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യുകയാണെങ്കില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബി.എസ്.പി പിന്തുണയ്ക്കാമെന്നായിരുന്നു മായാവതിയുടെ വാഗ്ദാനം.


Also Read: ‘ഞാന്‍ എന്റെ മുപ്പതാമത്തെ വയസ്സില്‍ പി.എച്ച്.ഡിയാണ് ചെയ്യുന്നത്, പ്രധാനമന്ത്രി മുപ്പത്തഞ്ചാമത്തെ വയസ്സിലല്ലേ എം.എ എടുത്തത്: സംഘപരിവാര്‍ പരിഹാസത്തിനെതിരെ കനയ്യകുമാര്‍


“അടിച്ചമര്‍ത്തുന്നതും വര്‍ഗീയത നിറഞ്ഞതുമായ രാഷ്ട്രീയത്തിനെതിരെ മതേതര ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യും.” -ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അജയ് സിങ് ലല്ലു വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയ്ക്ക് എളുപ്പത്തിലുള്ള വിജയം ഉറപ്പു വരുത്തണമെങ്കില്‍, കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശിലെ ഏഴ് എം.എല്‍.എമാര്‍ (ഉത്തര്‍പ്രദേശിലെ) രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യണമെന്നാണ് മായാവതി കഴിഞ്ഞയാഴ്ച പറഞ്ഞത്.

50 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 23-നാണ് നടക്കുക. ഇതില്‍ 10 സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്.

We use cookies to give you the best possible experience. Learn more