സത്‌ലജിലേക്ക് വിഷ മാലിന്യം ഒഴുക്കുന്നു; ആം ആദ്മി സർക്കാരിന് താക്കീതുമായി പരിസ്ഥിതി പ്രവർത്തകർ
national news
സത്‌ലജിലേക്ക് വിഷ മാലിന്യം ഒഴുക്കുന്നു; ആം ആദ്മി സർക്കാരിന് താക്കീതുമായി പരിസ്ഥിതി പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 8:46 pm

ന്യൂദൽഹി: സത്‌ലജ് നദിയിൽ ലയിക്കുന്ന ലുധിയാനയിലെ ബുദ്ധനല്ലയിലേക്ക് വിഷ വ്യാവസായിക മാലിന്യം ഒഴുക്കുന്നത് തടയാൻ കാലേ പാനി ദ മോർച്ചയുമായി പരിസ്ഥിതി പ്രവർത്തകർ. പ്രതിഷേധത്തിന് പിന്നാലെ ആം ആദ്മി പാർട്ടി നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാറിന് പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച സമയം നൽകിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ. സമയപരിധി അവസാനിച്ച ശേഷം തുടർനടപടികൾ പ്രഖ്യാപിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.

നേരത്തെ, നവംബർ 19ന്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, സത്‌ലജ് നദിയിലേക്ക് വിഷമാലിന്യം ഒഴുക്കുന്നത് തങ്ങൾ തന്നെ തടയുമെന്ന് പ്രവർത്തകർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് പ്രവർത്തകർ അന്ത്യശാസനം നൽകിയിരുന്നു.

ഈ വർഷം ജൂൺ 18 നാണ് ഈ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്, അവരുടെ കന്നി പ്രതിഷേധം 2024 ഓഗസ്റ്റ് 24 ന് നടന്നു. സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഡൈയിങ് യൂണിറ്റുകളിലെ വിഷജലം ശുദ്ധീകരിക്കാൻ ഉദ്ദേശിച്ചുള്ള കോമൺ ഫ്ളൂവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകളിൽ (സി.ഇ.ടി.പി) നിന്ന് മലിനജലം പുറന്തള്ളുന്നത് തടയാൻ പ്രവർത്തകരും നാട്ടുകാരും ഡിസംബർ മൂന്നിന് ലുധിയാനയിലെ വെർക്ക മിൽക്ക് പ്ലാൻ്റിൽ ഒത്തുകൂടിയിരുന്നു.

ലുധിയാന ജില്ലയിൽ ഡൈയിങ് യൂണിറ്റുകളിലെ മാലിന്യം സംസ്കരിക്കാൻ മൂന്ന് സി.ഇ.ടി.പികളുണ്ട്. തുണിത്തരങ്ങൾക്ക് പേരുകേട്ട ലുധിയാനയിൽ ഇലക്‌ട്രോപ്ലേറ്റിംഗ് വ്യവസായങ്ങൾ കൂടാതെ ഏകദേശം 384 ഡൈയിങ് യൂണിറ്റുകളുണ്ട്. ലുധിയാനയിലെ ബുദ്ധനല്ല കഴിഞ്ഞ 40 വർഷമായി മലിനീകരിക്കപ്പെട്ടു. സത്‌ലജ് നദിയിലെ മലിനമായ ജലം പ്രദേശവാസികളിൽ ക്യാൻസർ, ഹെപ്പറ്റൈറ്റിസ് സി, ലിവർ സിറോസിസ്, ത്വക്ക് തകരാറുകൾ, നേത്രരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമായി.

ഇതിനെതിരെയാണ് പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ എത്തിയിരിക്കുന്നത്.

 

Content Highlight: After Massive Protest, Activists Set Deadline For Punjab Govt to Stop Flow of Toxic Waste Into Sutlej