‘എന്റെ ഭാര്യ എന്നതല്ല വന്ദന മോഹന്‍ദാസിന്റെ വിലാസം. അവരുടെ കരിയര്‍ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കില്‍ ഭര്‍ത്താവിന്റെ സ്വാധീനം വേണോ? ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്.’
മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് മോഹനന്‍ കൊച്ചി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടു വന്ദന മോഹന്‍ദാസിന്റെ പേരില്‍ നടക്കുന്ന വിവാദത്തിനോടുള്ള തന്റെ നിലപാട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
എന്തുകൊണ്ടാണ് വിവാഹ ശേഷം ഭാര്യമാര്‍ക്ക് അവരുടെ ഐഡന്റിറ്റി നഷ്ടപ്പെടുന്നത്? സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പേരില്‍ മാത്രം അറിയപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?
സ്ത്രീകള്‍ ഒരു വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അവരുടെ നേട്ടങ്ങളും കഴിവും പലയിടങ്ങളിലും കൃത്യമായി അടയാളപ്പെടുത്താറില്ല. സിനിമ നടന്റെ ഭാര്യ, രാഷ്ട്രീയ നേതാവിന്റെ ഭാര്യ, മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യ, അധ്യാപകന്റെ ഭാര്യ, പാട്ടുകാരന്റെ ഭാര്യ തുടങ്ങിയ പദവികളിലായായിരിക്കും പിന്നീട് പല സ്ത്രീകളും അറിയപ്പെടുക. അവരുടെ പേര് പോലും കൃത്യമായി എവിടെയും സൂചിപ്പിക്കാറില്ല.
ഭാര്യ പട്ടം ആഘോഷിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് മാധ്യമങ്ങള്‍ കാലങ്ങളായി തുടരുന്ന ഒരു ശീലമാണ്. സ്ത്രീകളെ അഡ്രസ് ചെയ്യാന്‍ വേണ്ടി മാധ്യമങ്ങളും പൊതു സമൂഹവും അവരുടെ ഭര്‍ത്താവിന്റെ പേരോ സഹോദരന്റെ പേരോ അച്ഛന്റെ പേരോ ഒക്കെയാണ് ഉപയോഗിക്കാറുള്ളത്. ഞാന്‍ ആദ്യം പറഞ്ഞത് പോലെ ഇതൊരു ശീലമായത് കൊണ്ട് പലര്‍ക്കും സ്ത്രീകള്‍ നേരിടുന്ന ഈ ഐഡന്റിറ്റി ക്രൈസിസിനെ കുറിച്ച വലിയ ധാരണയൊന്നും ഉണ്ടാകാറില്ല. ഭര്‍ത്താവിന്റെ പേര് പറഞ്ഞാലേ ഈ സ്ത്രീ ഏതാണെന്ന് ആളുകള്‍ക്ക് മനസ്സിലാകൂ എന്ന തരത്തിലുള്ള ന്യായീകരണങ്ങളും പലരും മുന്നോട്ട് വെക്കാറുമുണ്ട്.
ഇനി വന്ദന മോഹന്‍ദാസിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, അഭിലാഷ് മോഹനന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യ എന്ന ഐഡന്റിറ്റിക്കപ്പുറം കഴിവും യോഗ്യതകളുമുള്ള വ്യക്തിയാണ് വന്ദന.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് , ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വന്ദന മോഹന്‍ദാസിനുണ്ട്. ഏഷ്യന്‍ ഏജ് , മുബൈ മിറര്‍, ന്യൂസ് ലോണ്‍ട്രി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുമുണ്ട്.
പത്ര പ്രവര്‍ത്തനത്തില്‍ പോസ്റ്റ് ഗ്രാജുവേഷനില്‍ ഫസ്റ്റ് ക്ലാസടക്കം നേടിയ ഒരു സ്ത്രീയെ ആളുകള്‍ അഡ്രസ് ചെയ്യുന്നത് ഭര്‍ത്താവായ അഭിലാഷിന്റെ പേരിലാണ് എന്നതിലാണ് പ്രശ്‌നം.
അഭിലാഷിന്റെ ഭാര്യ, അഭിലാഷിന്റെ ഭാര്യയുടെ നിയമന വിവാദം, അഭിലാഷിന്റെ ഭാര്യയായതു കൊണ്ട് ജോലി ലഭിക്കുന്നു തുടങ്ങിയ വാര്‍ത്തകളും പോസ്റ്റുകളുമാണ് ആളുകള്‍ പടച്ചുവിടുന്നത്. ആ സ്ത്രീക്ക് ഒരു പേര് ഉണ്ടെന്നോ യോഗ്യതയുണ്ടെന്നോ പല ഇടങ്ങളിലും സൂചിപ്പിച്ചു പോലും കണ്ടിട്ടില്ല. ഏതൊരു കയ്യബദ്ധത്തിന്റെ പുറത്തു സംഭവിക്കുന്നതോ ആളുകള്‍ക്ക് എളുപ്പം മനസ്സിലാക്കാനോ ഉപയോഗിക്കുന്ന രീതിയല്ല.
സ്ത്രീകളുടെ വ്യക്തിത്വത്തെ ഒട്ടും ബഹുമാനിക്കാത്ത ഇത്തരം അടയാളപ്പെടുത്തലുകള്‍ വന്ദന മോഹന്‍ദാസിന്റെ കാര്യത്തിലല്ല ആദ്യമായി സംഭവിക്കുന്നത്. ഇത് ഇവിടെ സ്ഥിരം അരങ്ങേറുന്ന, ആര്‍ക്കും അത്ര കുഴപ്പം തോന്നാത്ത മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും ശീലമാണ്. പ്രമുഖരുടെ ഭാര്യയായിപോയി എന്ന ഒറ്റ കാരണം കൊണ്ട് പല സ്ത്രീകള്‍ക്കും ആ ഒരൊറ്റ ലേബലില്‍ ജീവിക്കേണ്ടി വരാറുണ്ട്. ഈ സ്ത്രീകള്‍ എന്തെങ്കിലും നേട്ടം കൈവരിച്ചാലോ, ജോലി നേടിയാലോ ഇനി മരിച്ചാല്‍ പോലും ഈ ഐഡന്റിറ്റിയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കാറില്ല.
നിനിത കണിച്ചേരിയെ കാലടി സര്‍വ്വകലാശാലയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അവരുടെ പേരുപോലും പലയിടങ്ങളിലും സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. എം. ബി രാജേഷിന്റെ ഭാര്യ എന്നുമാത്രമാണ് അന്ന് നിനിത കണിച്ചേരിയെ പലരും അഡ്രസ് ചെയ്തിരുന്നത്. നിനിതയുടെ ഏറ്റവും ഉയര്‍ന്ന യോഗ്യത എം ബി രാജേഷിന്റെ ഭാര്യയാണെന്ന തരത്തിലായിരുന്നു ഈ വാര്‍ത്ത പ്ലേസ് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ മരിച്ചപ്പോള്‍ പല മാധ്യമങ്ങളും വാര്‍ത്ത കൊടുത്തത് നടന്‍ ജഗദീഷിന്റെ ഭാര്യ മരിച്ചു എന്നാണ്. നടന്‍ ജഗദീഷിന്റെ ഭാര്യ എന്നതിനപ്പുറത്തേക്ക് അക്കാദമിക രംഗത്തെ അവരുടെ നേട്ടത്തെയും യോഗ്യതയെയും അപ്പാടെ റദ്ദ് ചെയ്തുകൊണ്ടാണ് ഈ വാര്‍ത്തകള്‍ പുറത്തു വന്നത്. ജോലി നേടിയെടുക്കാന്‍ അവര്‍ ചെയ്ത ഹാര്‍ഡ് വര്‍ക്കിനെയോ അവരുടെ ടാലന്റിനെയോ ഒട്ടും ബഹുമാനിക്കാത്ത തരത്തിലായിരുന്നു ഈ അടയാളപ്പെടുത്താല്‍ എന്ന് പറയാതിരിക്കാന്‍ പറ്റില്ല.
ദീപിക പദുക്കോണ്‍ പ്രൊഡ്യൂസ് ചെയ്ത ചപാക് സിനിമയില്‍ ഭര്‍ത്താവായ രണ്‍വീര്‍ സിങ്ങിന്റെ പണമായിരിക്കുമല്ലേ എന്ന് പരസ്യമായി ചോദിച്ചവരുടെ ഉള്ളിലും ഇതുവരെ നമ്മള്‍ പറഞ്ഞ കാര്യം തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്. ദീപിക സിനിമ പ്രൊഡ്യൂസ് ചെയ്യുന്നുണ്ടെങ്കില്‍ അത് ദീപികയുടെ പണം കൊണ്ടായിരിക്കുമെന്ന് ഉള്‍കൊള്ളാന്‍ പറ്റാത്തത്രയും ആഴത്തില്‍ ഭര്‍ത്താവിന്റെ ഷാഡോ മാത്രമാണ് ഭാര്യ എന്ന ചിന്ത പലരുടെയും ഉള്ളില്‍ അടിഞ്ഞുകിടക്കുന്നുണ്ട്.
ഗീതു മോഹന്‍ദാസ് ഡയറക്ട് ചെയ്ത മൂത്തോന്‍ മികച്ച പ്രതികരണം നേടിയപ്പോഴും രാജീവ് രവിക്ക് ക്രെഡിറ്റ് കൊടുക്കാനും ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു.
സ്ത്രീകളുടെ കഴിവ് ഭര്‍ത്താവിന്റെ പേര് ഉച്ചരിച്ചതിനു ശേഷം മാത്രമാണ് നമ്മുടെ സൊസൈറ്റി അഡ്രസ് ചെയ്യുകയുള്ളൂ. അയാളുടെ ഭാര്യ, ഇയാളുടെ ഭാര്യ തുടങ്ങിയ കുടുക്കുകളില്‍ പെട്ട് കിടക്കേണ്ടി വരികയാണ് പല സ്ത്രീകള്‍ക്കും.
ഈ ഭര്‍ത്താവിന്റെ മേല്‍വിലാസം എളുപ്പം ഇല്ലാതാവുന്ന ഒന്നല്ല. കാരണം സ്ത്രീകളെ വ്യക്തികളായി കാണാന്‍ നല്ല ബുദ്ധിമുട്ടുള്ള സമൂഹമാണ് നമ്മുടേത്.
Content Highlight: After marriage, women are known by the name of their husbands