വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ജില്ലയിലെ കോടതികള്‍ക്ക് ഇനി സ്വന്തം കെട്ടിടം
Kerala News
വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ജില്ലയിലെ കോടതികള്‍ക്ക് ഇനി സ്വന്തം കെട്ടിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 10:29 pm

കൊല്ലം: ജില്ലയിലെ കോടതികള്‍ക്ക് ഇനി സ്വന്തമായി കെട്ടിടവും ആസ്ഥാനവും ഉറപ്പ്. വര്‍ഷങ്ങളായി ജില്ലയിലെ കോടതികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നാണ് നിറവേറിയിരിക്കുന്നത്.

കൊല്ലം ജില്ലാ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലന്‍ നിർവഹിച്ചു.

നാലു നിലകളിലായി 1,65,366 ചരുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. 23 കോടതികള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്നത്.

78.20 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുകയെന്ന ധനമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

25,765 ചതുരശ്ര അടിയില്‍ കോര്‍ട്ട് ഹാള്‍, 11,115 ചതുരശ്ര അടിയില്‍ ചേംബര്‍ ഏരിയ, 7370 ചതുരശ്ര അടിയില്‍ കോടതികളില്‍ എത്തുന്നവര്‍ക്കായി വെയിറ്റിങ് എരിയ, 46,000 ചതുരശ്ര അടിയില്‍ ഓഫീസ് ഹാള്‍ എന്നിങ്ങനെയായിരിക്കും കോടതി സമുച്ചയത്തിന്റെ നിര്‍മാണം.

കെട്ടിടത്തില്‍ ആറ് ലിഫ്റ്റുകളാണ് ഉണ്ടാവുകയെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

ബാര്‍ അസോസിയേഷന്‍ ഹാള്‍, വനിത അഭിഭാഷക ഹാള്‍, അഡ്വക്കേറ്റ് ക്ലാര്‍ക്ക് ഹാള്‍, വള്‍നറബിള്‍ വിറ്റ്‌നസ് ഹാള്‍, മീറ്റിങ് ഹാള്‍, കുട്ടികള്‍ക്കുള്ള മുറി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി ഹാള്‍, ക്രഷ്, പബ്ലിക് പ്രോസിക്യുട്ടര്‍മാരുടെ ഓഫീസ്, അസി. പബ്ലിക് പ്രോസിക്യുട്ടര്‍മാരുടെ ഓഫീസ് എന്നിവയും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കോടതി സമുച്ചയം.

സര്‍ക്കാരിന്റെ പുതിയ നീക്കത്തെ പിന്തുണച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നുമുണ്ട്.

Content Highlight: After many years, the courts of Kollam district now have their own building