| Tuesday, 2nd July 2024, 10:03 am

മഞ്ഞുമ്മലിന് പിന്നാലെ ആർ.ഡി.എക്‌സും; വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് സാമ്പത്തിക തട്ടിപ്പെന്ന് നിർമാതാക്കൾക്കെതിരെ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ. ഡി. എക്സ് എന്ന ചിത്രത്തിനെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തറ സ്വദേശി അഞ്ജന എബ്രഹാമാണ് നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെ പരാതി നൽകിയത്.

സിനിമയ്ക്കായി ആറ് കോടി നൽകിയെന്നും എന്നാൽ മുപ്പത് ശതമാനമായിരുന്നു ലാഭവിഹിതമായി വാഗ്ദാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു.

മുടക്കുമുതലും ലാഭവിഹിതവും തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അരൂർ സ്വദേശി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി നൽകിയത്. എന്നാൽ മുടക്ക് മുതൽ തിരിച്ചു നൽകിയെന്നും വാഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതം നൽകിയില്ലെന്നുമാണ് ആർ.ഡി.എക്സ് സിനിമക്കെതിരെ ഉയരുന്ന പരാതി.

നിർമാതാക്കളായ സോഫിയ പോളും ജയിംസ് പോളും പരാതിക്കാരിയെ സമീപിച്ചെന്നും 13 കോടിയോളം രൂപ ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് വരുമെന്ന് അറിയിച്ചെന്നും പരാതിയിൽ പറയുന്നു. 6 കോടി ചിത്രത്തിനായി ഇൻവെസ്റ്റ്‌ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടെന്നും അതിന്റെ ഭാഗമായി 30 ശതമാനം ലാഭവിഹിതം തനിക്ക് നൽകുമെന്നും കരാറിൽ ഉള്ളതായി പരാതിക്കാരി പറയുന്നു.

എന്നാൽ സിനിമ പൂർത്തിയായപ്പോൾ 23 കോടിയോളം ചെലവ് വന്നുവെന്ന് നിർമാതാക്കൾ പറഞ്ഞെന്നും പടം പുറത്തിറങ്ങിയതിന് പിന്നാലെ ലാഭവിഹിതമോ മുടക്ക് മുതലോ തിരിച്ചുനൽകാൻ നിർമാതാക്കൾ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

എന്നാൽ 100 കോടിയോളം രൂപ സിനിമ കളക്ഷൻ നേടിയെന്ന് നിർമാതാക്കൾ പരസ്യപ്പെടുത്തിയിട്ടും പണം മുടക്കിയ തനിക്ക് ഒരു കോടി പോലും നൽകിയില്ലെന്നും ഒടുവിൽ ഇൻവെസ്റ്റ്‌ ചെയ്ത പണം മാത്രം അവർ തിരിച്ചു നൽകിയെന്നും പരാതിയിൽ ആരോപണമുണ്ട്. ലാഭവിഹിതത്തെ കുറിച്ച് ചോദിച്ചപ്പോൾ കള്ള കണക്കുകൾ പ്രചരിപ്പിക്കുകയാണ് അവർ ചെയ്തതെന്നും പരാതിക്കാരി ആരോപിക്കുന്നു. വ്യാജ കണക്കുകൾ ഉണ്ടാക്കി ലാഭ വിഹിതം ഇരട്ടിപ്പിച്ചു കാണിച്ചു എന്നതാണ് പ്രധാന ആരോപണം.

മഞ്ഞുമ്മൽ ബോയ്സ് പോലെ തന്നെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ആർ. ഡി. എക്സ്. നഹാസ് ഹിദായത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയിൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

Content Highlight:  After Manjummal Boys financial fraud complaints against R.D.X Movie

We use cookies to give you the best possible experience. Learn more