| Thursday, 11th January 2024, 1:03 pm

മണിപ്പൂരിന് പിന്നാലെ അസമിലും രാഹുലിന്റെ യാത്രക്ക് നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രക്ക് അസമിലും നിയന്ത്രണങ്ങളെന്ന് പരാതി. നേരത്തെ മണിപ്പൂരിലും യാത്രക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അസമിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെന്ന പരാതികളുയര്‍ന്നിരിക്കുന്നത്. അസം പി.സി.സി അധ്യക്ഷന്‍ ഭൂപന്‍ ബോറയാണ് യാത്രയുടെ ഭാഗമായുള്ള കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തിയിരിക്കുന്നത്.

മണിപ്പൂരില്‍ നിന്ന് തുടങ്ങുന്ന യാത്ര നാഗാലാന്റിന് ശേഷം അസമിലേക്ക് പ്രവേശിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും മറ്റു യാത്രികരും യാത്രക്കിടയില്‍ വിശ്രമിക്കാനും രാത്രിയില്‍ ഉറങ്ങുന്നതിനും വേണ്ടി ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അസം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് പി.സി.സി അധ്യക്ഷന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. അസമിലെ ജോര്‍ഹട്ടില്‍ ഇതുവരെയും കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം വിട്ടുനല്‍കിയിട്ടില്ലെന്നും ഭൂപന്‍ ബോറ പറയുന്നു.

മാത്രവുമല്ല, യാത്രയില്‍ ബ്രഹ്മപുത്ര നദി കടന്ന് മജ്‌ലി ദ്വീപിലേക്ക് പോകാനും പദ്ധതിയുണ്ട്. എന്നാല്‍ ഈ ദ്വീപിലേക്കുള്ള യാത്ര സൗകര്യങ്ങളും അസം സര്‍ക്കാര്‍ നല്‍കുന്നില്ല എന്നാണ് അസം പി.സി.സി ആരോപിക്കുന്നത്. ഇതോടെ മണിപ്പൂരിന് പിന്നാലെ അസമിലും രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് സൂചന.

അസമില്‍ നേരത്തെ രാഹുല്‍ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ ഹിമന്ത് ബിശ്വ ശര്‍മയാണ് മുഖ്യമന്ത്രി. ഭാരത്‌ജോഡോ യാത്രയുടെ സമയത്തും ഇപ്പോള്‍ ന്യായ് യാത്ര പ്രഖ്യാപിച്ചതിന് ശേഷവും ഹിമന്ത ബിശ്വ ശര്‍മ രാഹുല്‍ഗാന്ധിയെയും യാത്രയെയും പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ യാത്ര തമാശയാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരിഹാസം. ഗൗരവമായ കാര്യങ്ങളൊന്നും ഈ യാത്രകളില്‍ സംഭവിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നതും.

നേരത്തെ മണിപ്പൂരിലും സംസ്ഥാന സര്‍ക്കാര്‍ ന്യായ് യാത്രക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ കാരണം യാത്രയുടെ ഉദ്ഘാടനം ഇംഫാലില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ മണിപ്പൂരിന് പിന്നാലെ അസമിലും നിയന്ത്രണങ്ങള്‍ വരുന്നതോടെ രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയെ കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാറുകളെ ഉപയോഗിച്ച് പ്രതിസന്ധിയിലാക്കാനുള്ള ബി.ജെ.പി ശ്രമങ്ങളാണ് ഫലം കാണുന്നത്.

content highlights: After Manipur, Assam also restricts Rahul’s yathra 

We use cookies to give you the best possible experience. Learn more