| Wednesday, 13th December 2023, 10:30 am

ജാതി സെന്‍സസിനോട് എതിര്‍പ്പില്ല, കൃത്യവും ശാസ്ത്രീയവുമാകണം; ഖാര്‍ഗെയുടെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനത്തിന് പിന്നാലെ ജാതി സെന്‍സസിലെ നിലപാടില്‍ വിശദീകരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍. ജാതി സെന്‍സസിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും കൃത്യമായും ശാസ്ത്രീയമായും നടപ്പാക്കുക എന്നതാണ് തന്റെ ആവശ്യമെന്നും ശിവകുമാര്‍ പറഞ്ഞു.

‘ജാതി സെന്‍സസിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. അത് ഞങ്ങളുടെ പാര്‍ട്ടിയുടെ പോളിസിയാണ്. ഞങ്ങളുടെ തന്നെ സര്‍ക്കാറാണ് ജാതി സെന്‍സസ് കര്‍ണാടകയില്‍ നടത്തിയത്. ഞങ്ങള്‍ നീതിയാണ് ആവശ്യപ്പെട്ടത്. ജാതി സെന്‍സസിന് ശരിയായ, ശാസ്ത്രീയമായ സമീപനം ഉണ്ടാവണം,’ ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പിയും ഡി.കെ. ശിവകുമാറും ഒരുപോലെ ജാതി സെന്‍സസിനെ എതിര്‍ക്കുകയാണെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞത്.

2015-17 വര്‍ഷങ്ങളില്‍ അധികാരത്തിലിരുന്ന സിദ്ധാരമയ്യ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ നടത്തിയ ജാതി സെന്‍സസിലെ കണ്ടെത്തലുകള്‍ നിലവിലെ സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരെയാണ് ശിവകുമാര്‍ നിലപാട് സ്വീകരിച്ചത്.

ജാതി സര്‍വേ റിപ്പോര്‍ട്ടിനെതിരായി പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും വൊക്കലിഗ നേതാക്കളുടെ നേതൃത്വത്തില്‍ വൊക്കലിഗ സംഘം സമര്‍പ്പിച്ച നിവേദനത്തില്‍ ശിവകുമാറും കോണ്‍ഗ്രസിലെ ചില മന്ത്രിമാരും ഒപ്പുവെച്ചിരുന്നു. ഇവരെ കൂടാതെ എച്ച്.ഡി. ദേവഗൗഡ, എസ്.എം. കൃഷ്ണ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ പ്രതിപക്ഷ നേതാവ് ആര്‍. അശോക, ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, എന്നിവരും നിവേദനത്തില്‍ ഒപ്പിട്ടിരുന്നു.

ജാതി സെന്‍സസിനെതിരെ പ്രമുഖ വൊക്കലിഗ സന്ന്യാസിമാര്‍ അടക്കം പങ്കെടുത്ത യോഗത്തിലും ഈ സമുദായത്തില്‍ നിന്നുള്ള ശിവകുമാര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജ്യസഭയില്‍ ഖാര്‍ഗെയുടെ വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വിമര്‍ശനമുന്നയിച്ചതോടെയാണ് ഡി.കെ. ശിവകുമാര്‍ നിലപാടില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Content Highlight: After Mallikarjun Kharge’s criticism, DK Sivakumar came up with an explanation in caste survey 

We use cookies to give you the best possible experience. Learn more